മാവേലിക്കര: താലൂക്ക് സഹകരണ ബാങ്കിൽ തട്ടിപ്പിനിരയായ നിക്ഷേപകരുടെ പണം തിരികെ നൽകാൻ സഹകരണ വകുപ്പ് രജിസ്ട്രാർ ജില്ലാ തല ഉദ്യോഗസ്ഥർ വഴി പുതിയ പാക്കേജിനുള്ള നിർദ്ദേശങ്ങൾ ബാങ്ക് ഭരണ സമിതിക്ക് നൽകിയിട്ടും യാതൊരു നീക്കവും ഇത് സംബന്ധിച്ച് ഉണ്ടാകുന്നില്ലെന്ന് നിക്ഷേപക കൂട്ടായ്മ ആരോപിച്ചു. സഹകരണ രജിസ്ട്രാറുമായി നടത്തിയ കൂടിക്കാഴ്ചയിൽ പാക്കേജ് ഭരണ സമിതിക്ക് നൽകിയതായി അറിയിച്ചതായും നിക്ഷേപകർ പറഞ്ഞു.
പ്രസ്താവനകളിൽ നിക്ഷേപക കൂട്ടായ്മ നിക്ഷേപകരെ വഞ്ചിക്കുന്നു എന്ന പരാമർശം നടത്തിയ ഡി.സി.സി വൈസ് പ്രസിഡന്റ് നിലവിൽ സഹകരണ വകുപ്പിന്റെ് ഭാഗത്തു നിന്ന് വന്ന നിർദ്ദേശങ്ങൾ അനുസരിച്ച് നിക്ഷേപകരുമായി ചർച്ച നടത്തി പാക്കേജ് പ്രവർത്തികമാക്കാൻ ഭരണ സമിതിയെ ഉപദേശിക്കുക കൂടി ചെയ്യണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. ഭരണ സമിതി ഗവൺമെന്റിന് പാക്കേജ് സമർപ്പിച്ചെന്ന വ്യാജ വാദം ഇനിയെങ്കിലും ഒഴിവാക്കി നിക്ഷേപകരെ വിശ്വസത്തിലെടുത്ത് മുന്നോട്ട് പോകണമെന്നും നിക്ഷേപക കൂട്ടായ്മ കൺവീനർ ബി.ജയകുമാർ, വി.ജി.രവീന്ദ്രൻ, എം.വിനയൻ, ടി.കെ.പ്രഭാകരൻ നായർ എന്നിവർ അറിയിച്ചു.