s
ഷൈനിയും ഷീബും മക്കളും

ആലപ്പുഴ : ഷീബ് - ഷൈനി ദമ്പതികൾക്ക് ഡ്രൈവിംഗ് ക്ളാസുകൾ വീട്ടുകാര്യം പോലെയാണ്. പരിശീലനത്തിനെത്തുന്നവർ വീട്ടുകാരെപ്പോലെയും. ദിവസത്തിന്റെ നല്ലൊരു ഭാഗവുംവാഹനങ്ങളുടെ ലോകത്താണിവർ. ഒരു പതിറ്റാണ്ടിലേറെയായി ഷീബും ഷൈനിയും 'വളയം" പിടിക്കാൻ പഠിപ്പിച്ചവരുടെ എണ്ണം എത്രയെന്ന് ഇവർക്ക് പോലും തിട്ടപ്പെടുത്താനാകുന്നില്ല. നൂറു കണക്കിന് പേരാണ് ഈ ദമ്പതികളുടെ ശിക്ഷണത്തിൽ ഡ്രൈവിംഗ് ലൈസൻസ് എന്ന കടമ്പ കടന്നത്. ഇവരുടെ വീടായ മാവേലിക്കര അറനൂറ്റിമംഗലം നോബിൾ നിവാസിന്റെ ഗേറ്റ് തുറന്നു ചെല്ലുമ്പോഴേ സ്വീകരിക്കുന്നത് ബസും ജീപ്പും കാറും ക്രെയിനും ഉൾപ്പടെ വാഹനങ്ങളുടെ വലിയ നിരയാണ്.

മാവേലിക്കര ചെറുപുഷ്പം സ്കൂളിലെ ബസ് ഡ്രൈവറായ ഷീബ് 2006ലാണ് 'പോപ്പുലർ മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ആൻഡ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്' ആരംഭിച്ചത്. ഭർത്താവിന്റെ ശിക്ഷണത്തിൽ ഡ്രൈവിംഗിൽ പ്രാവിണ്യം നേടിയ ഭാര്യ ഷൈനി 2009 മുതൽ പരിശീലകയായി ഒപ്പം കൂടി. ആദ്യ നാളുകളിൽ വനിതകൾക്ക് മാത്രമാണ് ക്ലാസെടുത്തിരുന്നതെങ്കിൽ, ഇപ്പോൾ സ്ത്രീ - പുരുഷ ഭേദമന്യേ എല്ലാവർക്കും പരിശീലനം നൽകുന്നു. പഠിക്കാനെത്തുന്നവരുടെ സുരക്ഷയ്ക്കും സൗകര്യത്തിനുമാണ് പ്രാമുഖ്യം നൽകുന്നതെന്ന് ഷൈനിയും ഷീബും പറയുന്നു. പുരുഷന്മാർക്ക് ജീപ്പിലെ പരിശീലനം നിർബന്ധമാണ്.

സ്വന്തം ഗ്രൗണ്ടിലാണ് പരിശീലനം. വിശാലമായ വീട്ടുമുറ്റത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് സമാനമായ സജ്ജീകരണങ്ങളൊരുക്കിയിട്ടുണ്ട്. ഇരുനില കെട്ടിടത്തിൽ ക്ലാസ് റൂമും, ഡെമോൺസ്ട്രേഷൻ റൂമും അടക്കമുള്ള സംവിധാനങ്ങളും. ദമ്പതികളിൽ ഒരാൾ പഠിതാക്കളുമായി റോഡ് പരിശീലനത്തിന് പോകുമ്പോൾ അടുത്തയാൾ ഗ്രൗണ്ട് പരിശീലനത്തിന് നേതൃത്വം നൽകും. മാവേലിക്കര മാങ്കാംകുഴിയിലാണ് പോപ്പുലറിന്റെ കൺസൾട്ടിംഗ് ഓഫീസ്. ഷീബ് - ഷൈനി ദമ്പതികൾക്ക് രണ്ട് മക്കളാണ്. നോബിളും രേവതിയും. ഫോൺ: 9446918910.