ph
കായംകുളംത്ത് കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോർപ്പറേഷന്റെ ആധുനിക രീതിയിലുള്ള മൾട്ടി പ്ളസ് തിയേറ്റർ നിർമ്മാണം പുരോഗമിയ്ക്കുന്നു

കായംകുളം: കായംകുളത്ത് കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോർപ്പറേഷന്റെ ആധുനിക രീതിയിലുള്ള മൾട്ടി പ്ളക്സ് തിയേറ്റർ നിർമ്മാണം മുന്നേറുന്നു. ഒന്നാം നിലയുടെ പില്ലറുകളുടെ നിർമ്മാണമാണ് പുരോഗമിയ്ക്കുന്നത്. മൾട്ടി പ്ലക്സ് തീയേറ്ററിനു 15.03 കോടി രൂപയാണ് കിഫ്ബി അനുവദിച്ചിട്ടുള്ളത്.

നാൽപ്പതിനായിരം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ മൂന്ന് തീയേറ്ററുകളും വ്യാപാര സ്ഥാപനങ്ങളും അടങ്ങുന്ന സമുച്ചയമാണ് സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ഇവിടെ നിർമ്മിക്കുന്നത്. ഒന്ന് മൂന്ന് സ്ക്രീനുകളിൽ 152 പേർക്ക് വീതവും സ്ക്രീൻ രണ്ടിൽ 200 പേർക്കും ഉള്ള ഇരിപ്പിടങ്ങളാണ് ഒരുക്കുന്നത്.

അത്യാധുനിക രീതിയിലുള്ള ഫോർ കെ പ്രൊജക്ഷൻ ,ഡോൾ ബി അറ്റ്മോസ് സൗണ്ട്, മൾട്ടി ലെവൽ അക്കൗസ്റ്റിക് ഇന്റീരിയർ , ത്രിമാനചിത്രങ്ങൾ പ്രദർശിപ്പിക്കുവാൻ കഴിയുന്ന തരത്തിലുള്ള സിൽവർ സ്ക്രീൻ ,പുഷ്ബാക്ക് ചെയറുകൾ, റാമ്പ്, ലിഫ്റ്റ് സംവിധാനം, വിശാലമായ പാർക്കിംഗ് സംവിധാനം എന്നിവയാണ് ഒരുക്കുന്നത്. കായംകുളം കെ.എസ് ആർ ടി ഡിപ്പോയ്ക്ക് പടിഞ്ഞാറ് ഭാഗത്ത് നഗരസഭ വിട്ടുനൽകിയ എഴുപത്തി ഏഴ് സെന്റ് സ്ഥലത്താണ് തീയറ്റർ സമുച്ചയം നിർമ്മിക്കുന്നത്.

കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോർപ്പറേഷൻ ചെയർമാനായിരുന്ന സിനിമാ സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സ്വപ്നമായിരുന്നു കോർപ്പറേഷന്റെ കീഴിൽ സംസ്ഥാനത്ത് പുതുതായി​ 25 മൾട്ടിപ്ളക്സ് തിയേറ്ററുകൾ സ്ഥാപിക്കുകയെന്നത്. ഒരു തിയേറ്റർ പോലും ഇല്ലാത്ത കായംകുളമായിരുന്നു പ്രഥമ പരിഗണയിൽ. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം കെ.പി.എ.സിയുടെ നാടായ കായംകുളത്ത് തന്നെ ആകണമെന്നും അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. 2017 സെപ്തംബർ 25 ന് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാൻ എന്ന നിലയിൽ നവംബർ ഒന്നിന് ശിലാസ്ഥാപനം നടത്താൻ ഒരുക്കമാണന്ന് കാട്ടി കായംകുളം നഗരസഭയ്ക്ക് അദ്ദേഹം കത്ത് നൽകി.

എന്നാൽ കിഫ്ബിയുടെ അനുമതി ലഭിക്കാതിരുന്നതിനാൽ തറക്കല്ലിടീൽ നടന്നില്ല. തന്റെ സ്വപ്ന പദ്ധതിയ്ക്ക് കാത്ത് നിക്കാതെ ലെനിൻ മടങ്ങിയത് കായംകുളത്തി​ന് വേദനയായി​രുന്നു.

തിയേറ്റർ സമുച്ചയത്തിന്റെയും അതോടനുബന്ധിച്ചുള്ള ഷോപ്പിംഗ് കോംപ്ളക്സിന്റെയും നിർമ്മാണത്തിന് 33.36 ആർസ് വസ്തു സർക്കാർ അംഗീകാരത്തോടെ പാട്ട വ്യവസ്ഥയിൽ നഗരസഭ കോർപ്പറേഷന് കൈമാറിയിരുന്നു. സാംസ്കാരിക നഗരമായ കായംകുളത്ത് ഒരുസിനിമാ തീയേറ്റർ പോലും ഇല്ല.

...............................................

15.03

മൾട്ടി പ്ലക്സ് തീയേറ്ററിനു 15.03 കോടി രൂപയാണ് കിഫ്ബി

വകയി​രുത്തിയത്

..............................

മൾട്ടി​പ്ളക്സ് തീയേറ്റർ: സംവി​ധാനങ്ങൾ

1 അത്യാധുനിക രീതിയിലുള്ള ഫോർ കെ പ്രൊജക്ഷൻ

2 ഡോൾബി അറ്റ്മോസ് സൗണ്ട്

3 മൾട്ടി ലെവൽ അക്കൗസ്റ്റിക് ഇന്റീരിയർ

4 ത്രിമാനചിത്രങ്ങൾ പ്രദർശിപ്പിക്കുവാൻ കഴിയുന്ന തരത്തിലുള്ള സിൽവർ സ്ക്രീൻ

5 പുഷ്ബാക്ക് ചെയറുകൾ, റാമ്പ്, ലിഫ്റ്റ് സംവിധാനം

6 വിശാലമായ പാർക്കിംഗ് സംവിധാനം

..........................................

മൾട്ടിപ്ളക്സ് തിയേറ്ററിന്റെ ഉദ്ഘാടനത്തിനായി കാത്തിരിക്കുകയാണ് കായംകുളം. എല്ലാ നഗരങ്ങളിലും തിയേറ്ററുകൾ അനവധി ഉണ്ടെങ്കിലും പതിനഞ്ച് വർഷമായി തിയേറ്റർ ഇല്ലാത്ത നഗരമാണ് കായംകുളം.

ലതൻ, ഓട്ടോ ഡ്രൈവർ. കായംകുളം

മൾട്ടിപ്ളക്സ് തിയേറ്ററിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. വരുന്ന ഏപ്രിൽ മാസം വിഷുവിന് തിയേറ്റർ തുറന്നുകൊടുക്കുവാൻ കഴിയും.

പി.ശശികല, ചെയർപേഴ്സൺ

കായംകുളം നഗരസഭ

......................................................