
ആലപ്പുഴ : മെറ്റൽ വിരിച്ചിട്ട് ടാറിംഗ് നടത്താത്തതിനാൽ ആലപ്പുഴ നഗരസഭ പാലസ് വാർഡിലെ ചന്ദനക്കാവ് മുതൽ ഗാന്ധിവിലാസം എം.ആർ.തോട് വരെയുള്ള റോഡിൽ വാഹനയാത്ര ദുരിതമാകുന്നു. വലിയ മെറ്റലുകൾക്ക് മുകളിലൂടെ സഞ്ചരിക്കുമ്പോൾ ഇരുചക്ര വാഹനങ്ങളുടെയും മറ്റും ടയർ പഞ്ചറാകുന്നത് പതിവായി.
ചന്ദനക്കാവ് -കായൽത്തീരം റോഡിന് വേണ്ടി ഹാർബർ എൻജിനീയറിംഗിന്റെ ഫണ്ട് 2019ൽ പാസായതാണ്. 2020ൽ പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി.സുധാകരൻ റോഡിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. 52 ലക്ഷത്തോളം രൂപയുടെ പദ്ധതിയിൽ മെറ്റൽ വിരിച്ചിട്ടെങ്കിലും ടാറിംഗിനായുള്ള കാത്തിരിപ്പ് മാസങ്ങൾ പിന്നിട്ടു.തുടർച്ചയായി പെയ്ത മഴ മൂലമാണ് പ്രവൃത്തി വൈകിയെന്നാണ് ഹാർബർ എൻജിനീയറിംഗ് വിഭാഗത്തിന്റെ വിശദീകരണം. മഴ മാറി നിന്നപ്പോഴും, റോഡിലെ ഈർപ്പത്തിന് കുറവുണ്ടായിരുന്നില്ല. നനവുള്ള റോഡിൽ ടാറിട്ടാൽ അവ ഇളകിപ്പോകുമെന്നും ഇതൊഴിവാക്കാനാണ് കാലതാമസം വരുത്തിയതെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്. ജില്ലാ ആശുപത്രിയിലേക്കും നഗരത്തിലേക്കും പ്രവേശിക്കുന്നതിന് നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡാണിത്. രണ്ട് കിലോമീറ്ററിലധികം വരുന്ന റോഡ് പൂർണമായും ടാർ ചെയ്യാനായിരുന്നു പദ്ധതിയെങ്കിലും, അതീവ ഈർപ്പമുള്ള പ്രദേശങ്ങളിൽ കോൺക്രീറ്റാണ് ചെയ്യുന്നത്. മെറ്റൽ പാകി പൊക്കം കൂടിയതോടെ റോഡിൽ പതിവായിരുന്ന വെള്ളക്കെട്ടിൽ നിന്ന് പ്രദേശവാസികൾക്ക് മോചനം ലഭിച്ചിട്ടുണ്ട്.
മാസങ്ങളായി വലിയ മെറ്റലുകൾക്ക് മുകളിലൂടെയാണ് വാഹനം ഓടിക്കുന്നത്. വാഹനത്തിന്റെ ടയർ പഞ്ചറാകുന്നത് പതിവായി. പലപ്പോഴും മറ്റ് പല സ്ഥലത്തും, വാഹനം സുരക്ഷിതമായി പാർക്ക് ചെയ്ത ശേഷം ഇതുവഴി നടന്നാണ് വീട്ടിലെത്തുന്നത്
- അനിൽകുമാർ, ഡ്രൈവിംഗ് പരിശീലകൻ
മഴയും ഈർപ്പവുമാണ് ടാറിങ്ങിന് തടസമായത്. ഈ മാസം തന്നെ റോഡ് ടാറിങ്ങ് നടത്താനാകുമെന്നാണ് കരുതുന്നത്
- എക്സിക്യൂട്ടിവ് എൻജിനീയർ, ഹാർബർ എൻജിനീയറിംഗ് വിഭാഗം