ആലപ്പുഴ: വീട്ടിൽ നിന്ന് പിണങ്ങിയിറങ്ങി, ആലപ്പുഴ കടൽത്തീരത്ത് ആത്മഹത്യ ചെയ്യാനെത്തിയ പത്തൊൻപതുകാരനെ ടൂറിസം പൊലീസ് രക്ഷിച്ചു. കരുനാഗപ്പള്ളി സ്വദേശിയായ വിദ്യാ‌‌ർത്ഥി ഇന്നലെ രാവിലെയാണ് വീട് വിട്ടിറങ്ങിയത്. ഉച്ചയോടെ ബീച്ചിലെ കാറ്റാടി കൂട്ടത്തിനിടയിൽ കത്തെഴുതിവച്ച ശേഷം കടലിലേക്ക് നീങ്ങിയ യുവാവിനെ പൊലീസെത്തി കരയ്ക്ക് കയറ്റുകയായിരുന്നു. എൻജിനീയറിംഗിന് ചേരണമെന്ന തന്റെ ആഗ്രഹത്തിന് കുടുംബം എതിരുനിന്നതാണ് വീടുവിടാൻ കാരണമെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. ടൂറിസം എസ്.ഐ പി.ജയറാം, സി.പി.ഒമാരായ സീമ, മാത്യു എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവ‌ർത്തനം നടത്തിയത്. വിദ്യാർത്ഥിയെ കൗൺസിലിംഗിന് ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.