ആലപ്പുഴ : റോഡുകളുടെയും പാലങ്ങളുടെയും നവീകരണ ജോലികളുടെ പേരിൽ ആലപ്പുഴ പട്ടണത്തിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണത്തിനെതിരെ സ്വകാര്യ ബസുടമകൾ രംഗത്ത്. ബസുകളിൽ യാത്രക്കാരുടെ എണ്ണത്തിലും കളക്‌ഷനിലും വൻ കുറവുണ്ടായതോടെ നവീകരണ ജോലികൾ തീരും വരെ താൽക്കാലികമായി സർവീസ് നിറുത്തിവയ്ക്കാനുള്ള ആലോചനയിലാണ് ബസുടമകൾ.
സംസ്ഥാനത്ത് ഒമിക്രോൺ കൂടുതൽ പേർക്ക് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സ്വകാര്യ ബസുകളിൽ യാത്രക്കാരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. ആലപ്പുഴ നഗരാതിർത്തിയിൽ ടൗൺ കേന്ദ്രീകരിച്ച് തെക്കോട്ട് 14 കിലോമീറ്ററും വടക്കോട്ട് 11 കിലോമീറ്ററും മാത്രമാണ് സ്വകാര്യബസ് സർവ്വീസുള്ളത്. പ്രതിദിന വരുമാനത്തിൽ 20 മുതൽ 35ശതമാനം വരെ കുറവാണ് ഓരോ ബസിന്റെയും കളക്ഷനിലുണ്ടായതെന്ന് ബസുടമകൾ പറയുന്നു. ഡ്രൈവർ,കണ്ടക്ടർ,ക്‌ളീനർ ഉൾപ്പെടെ അഞ്ചോളം ജീവനക്കാർ ഓരോ ബസിലും ഉണ്ടാകും. ഇവർക്കുള്ള വേതനത്തിനും ഇന്ധനചെലവിനുള്ള പണം പോലും പലപ്പോഴും ലഭിക്കുന്നില്ല.
പാലം,റോഡ് നിർമ്മാണം
ശവക്കോട്ട, കൊമ്മാടി, ഇ.എസ്.ഐ പാലങ്ങൾ പൊളിച്ചു പുനർനിർമ്മിക്കുന്നതിനായിട്ടാണ് നഗരത്തിൽ ആദ്യം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. തുടർന്ന് റോഡുകളുടെ നവീകരണ ജോലികൾ ആരംഭിച്ചതോടെ ജനത്തിരക്കുള്ള റൂട്ടുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തേണ്ടിവന്നു. ഇതോടെയാണ് കളക്ഷനിൽ വൻ ഇടിവ് ഉണ്ടായത്. പിച്ചു അയ്യർ ജംഗ്ഷൻ മുതൽ വൈ.എം.സി.എ വരെ വൈറ്റ് ടോപ് റോഡ് നിർമ്മാണം തുടങ്ങി.
നീളുന്ന ജോലികൾ
ശവക്കോട്ടപാലം : സ്ളാബ് പണി പൂർത്തീകരിച്ചെങ്കിലും അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുക്കൽ ജോലി എങ്ങുമെത്തിയിട്ടില്ല.
കൊമ്മാടി പാലം : പൈലിംഗ് ആരംഭിച്ചിട്ടേയുള്ളൂ.
ഇ.എസ്.ഐ കലുങ്ക് : ജോലികൾ പൂർത്തീകരിക്കാറായില്ല.
"നിർമ്മാണ ജോലികൾ ഘട്ടംഘട്ടമായി പൂർത്തിയാക്കുന്നതരത്തിൽ ക്രമീകരിക്കാതെ എല്ലാം ഒന്നിച്ചു ചെയ്യാനുള്ള പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ശവക്കോട്ടപ്പാലത്തിന്റെ വടക്കേക്കര റോഡ് എത്രയും വേഗം തുറന്നു കൊടുക്കണം. ജില്ലാ ഭരണകൂടം ഇടപെട്ടില്ലെങ്കിൽ സർവീസ് താത്കാലികമായി നിറുത്തിവയ്ക്കുന്ന കാര്യം ആലോചിക്കും.- പി.ജെ. കുര്യൻ പ്രസിഡന്റ് ), എസ്.എം. നാസർ( സെക്രട്ടറി)
കേരള ബസ്ട്രാൻസ്‌പോർട്ട് ഓണേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി