തിരുനല്ലൂർ: പള്ളിപ്പുറം പഞ്ചായത്തിൽ പേപ്പട്ടിയുടെ കടിയേറ്റ് രണ്ട് പശുക്കൾ ചത്തു. തിരുനല്ലൂർ കോവിലകത്തു ചിറയിൽ ശോഭന കമലാസനന്റെ പശുക്കളാണ് പേ വിഷബാധയേറ്റ് ചത്തത്. കഴിഞ്ഞ മാസം 15ന് വീട്ടുവളപ്പിൽ കെട്ടിയിട്ടിരുന്ന മൂന്നു പശുക്കൾക്ക് നായയുടെ കടിയേറ്റിരുന്നു. കടിച്ച പട്ടി ഇതിനിടെ ചത്തിരുന്നു. നായയുടെ കടിയേറ്റ പശുക്കൾക്കും മറ്റും പേ വിഷബാധയ്ക്കെതിരേ വാക്സിനേഷൻ മൃഗാശുപത്രിയിൽ നിന്ന് നൽകിയിരുന്നതാണ്. 11 പശുക്കളാണ് ശോഭന കമലാസനനുള്ളത്. ഇവയിൽ ചെനയുള്ള രണ്ടു പശുക്കളാണ് ചത്തതെന്ന് ഇവർ പറഞ്ഞു. വിശാഖപുരം ക്ഷേത്രത്തിന് സമീപമുള്ള ഒരാൾക്കും ഈ നായയുടെ കടിയേറ്റിരുന്നു. കഴിഞ്ഞിടെ പള്ളിപ്പുറം പി.എച്ച്.സിക്ക് സമീപമുള്ള വീട്ടിലെ പശുവും പേവിഷബാധയേറ്റ് ചത്ത സംഭവമുണ്ടായിരുന്നു.
........................................................
പശുക്കൾക്ക് പേ വിഷബാധയ്ക്കെതിരെയുള്ള വാക്സിനേഷൻ പലപ്പോഴും ഫലപ്രദമാകാറില്ല. 50- 60 ശതമാനത്തോളം മാത്രമാണ് പശുക്കളിൽ ഈ വാക്സിന്റെ ഫലപ്രാപ്തി. നായ്ക്കൾക്ക് നൽകുന്ന വാക്സിൻ തന്നെയാണ് പശുക്കൾക്കും ആടുകൾക്കും മറ്റും നൽകുന്നത്. നായ്ക്കളുടെ കടിയേൽക്കാതെ സൂക്ഷിക്കുക. തന്നെയാണ് പൂർണമായ പ്രതിവിധി.
ഡോ. ഷറഫുദീൻ, മൃഗ സംരക്ഷണ വകുപ്പ്, പള്ളിപ്പുറം
...........................................
പഞ്ചായത്തിൽ നായശല്യം കുറച്ച് കാലമായി വളരെ കൂടുതൽ ആണ്. ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ നായകളുടെ ആക്രമണത്തെ തുടർന്ന് അപകടത്തിൽ പെടുന്നത് പതിവാണ്. പേപ്പട്ടിയുടെ ആക്രമണത്തെ തുടർന്നുളള ഭീതിദായകമായ സംഭവങ്ങൾ പഞ്ചായത്തിന്റെ ശ്രദ്ധയിൽ പെടുത്തും.
സുനിമോൾ, മെമ്പർ, 10-ാം വാർഡ്, പള്ളിപ്പുറം പഞ്ചായത്ത്
...........................................................
പള്ളിപ്പുറം പഞ്ചായത്തിൽ നായ ശല്യം രൂക്ഷം
തിരുനല്ലൂർ: പള്ളിപ്പുറം പഞ്ചായത്തിലെ മിക്കവാറും എല്ലാ വാർഡുകളിലും നായ ശല്യം രൂക്ഷമായ അവസ്ഥയാണ്.
വിശാഖപുരം, ഗോവിന്ദപുരം, പത്മപുരം, വടക്കും കര, പുതുപ്പള്ളിക്കാവ് ക്ഷേത്ര പരിസരങ്ങളിൽ നായ്ക്കൂട്ടം തമ്പടിക്കുന്നത് പ്രദേശവാസികൾക്ക് ഭീഷണിയാകുന്നുണ്ട്. നായ്ക്കൂട്ടം റോഡിലെങ്ങും വിലസുകയാണ്. നായ്ക്കളുടെ ആക്രമണത്തിൽ ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽ പെടുന്നത് പതിവാകുന്നു. കാൽനടയാത്രക്കാരും ഭീതിയിലാണ്. പുലർച്ചെയും വൈകുന്നേരങ്ങളിലുമാണ് നായ ശല്യം കൂടുതൽ . നാട്ടിൽ സാധാരണ കണ്ടുവരുന്ന നായ്ക്കളല്ല പുറത്തു നിന്നുള്ളവയാണ് ഇവയെന്നും നാട്ടുകാർ പറയുന്നു. ജില്ലയുടെ മറ്റു ഭാഗങ്ങളിൽ നിന്ന് വന്ധ്യംകരണത്തിനായി പിടിച്ചു കൊണ്ടുപോയ നായ്ക്കളെ ഇവിടെ രാത്രിയിൽ തുറന്നു വിട്ടതാകാമെന്നും നാട്ടുകാർ. കരാറെടുക്കുന്നവരാണത്രെ ഇതിനു പിന്നിൽ. ഇതാണ് മുൻപെങ്ങുമില്ലാത്ത വിധം ഇവിടെ നായ്ക്കളുടെ എണ്ണം വർദ്ധിക്കാൻ കാരണമെന്നും നാട്ടുകാർ പറയുന്നു.