ആലപ്പുഴ: റോഡ് വൈറ്റ്‌ടോപ്പിംഗ്, ടാറിംഗ് ജോലികൾ എന്നിവ മൂലം നഗരത്തിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി നഗരസഭയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ചു യോഗം ചേർന്നു. വലിയചുടുകാട്, വെള്ളക്കിണർ, വൈ.എം.സി.എ ഭാഗത്ത് ട്രാഫിക് പൊലീസിനെ നിയോഗിക്കാൻ തീരുമാനമായി. പൂർത്തീകരിച്ച വൈറ്റ് ടോപ്പിംഗിന്റെ മുകളിലൂടെ വാഹനം കടത്തിവിടാനുള്ള സൗകര്യം ഒരുക്കും. ശവക്കോട്ടപാലത്തിന്റെ വടക്കേക്കരയിൽ കിഴക്കോട്ടുള്ള വഴി കിഫ്ബി അധികൃതരുമായി ബന്ധപ്പെട്ട് അടിയന്തരമായി തുറന്നുകൊടുക്കുന്നതിനു വേണ്ട ക്രമീകരണങ്ങൾ ചെയ്യും. ഔട്ട് പോസ്റ്റ് മുതൽ കൊട്ടാരപ്പാലം വരെ ഇരുവശങ്ങളിലും റോഡിലെ പാർക്കിംഗ് ഒരു മാസത്തേക്ക് ഒഴിവാക്കുന്നതിനും, കടകളുടെ ഇറക്കികെട്ടുകളും ചമയങ്ങളും ഗതാഗതകുരുക്ക് ഒഴിവാക്കത്തക്കവിധം എടുത്തുമാറ്റാനും തീരുമാനിച്ചു. യോഗത്തിൽ ചെയർപേഴ്‌സൺ സൗമ്യരാജ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.എസ്. എം.ഹുസൈൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ബീന രമേശ്, ആർ.വിനീത, സൗത്ത് എസ്.ഐ സുനിൽമോൻ, ട്രാഫിക് എസ്.ഐ ടി.ജയമോഹൻ , ബ്രിഡ്ജസ് എ.ഇ യു.രാധാകൃഷ്ണൻ തകഴി, ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് എൻജിനീയർ എ.ഇ നിഹാൽ തുടങ്ങിയവർ പങ്കെടുത്തു.
ബസ് സ്റ്റോപ്പ് മാറ്റും
കല്ലുപാലം ജംഗ്ഷന്റെ തെക്കേ കരയിലെ ബസ് സ്റ്റോപ്പ് എസ്.ബിഐ ബാങ്കിന് മുന്നിലേക്ക് മാറ്റും
ബി.എം.സി പൂർത്തീകരിച്ച റോഡുകളുടെ സൈഡ് ഫില്ലിംഗ് അടിയന്തരമായി പൂർത്തീകരിക്കും
തിരുവനന്തപുരം ഭാഗത്തുനിന്ന് വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ ജനറൽ ഹോസ്പിറ്റൽ പെട്രോൾ പമ്പ് ,കൊട്ടാരപ്പാലം, കല്ലുപാലം വഴി സ്റ്റാന്റിൽ എത്തിച്ചേരുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കും
ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിലെ വൈറ്റ് ടോപ്പിംഗ് റോഡിലേക്ക് കയറാനുള്ള പൊക്കവ്യത്യാസം അടിയന്തരമായി പരിഹരിച്ച് യാത്ര സുഗമമാക്കും