ആലപ്പുഴ : ജില്ലയിൽ പ്രളയവും കൊവിഡും മൂലം പ്രതിസന്ധിയിലായ ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിന് ജില്ലാ ഭരണകൂടവും ജില്ലാ സാമൂഹ്യനീതി ഓഫീസും ചേർന്ന് സ്വയംതൊഴിൽ സംരംഭ പദ്ധതി നടപ്പാക്കും. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ തുടങ്ങുന്ന പദ്ധതിയിൽ നിർദ്ധനരായ ഭിന്നശേഷിക്കാരെയും അവശരായ വയോജനങ്ങളെ സംരക്ഷിക്കുന്ന തൊഴിൽ രഹിതരെയുമാണ് പരിഗണിക്കുന്നത്.
ആദ്യഘട്ടമായി കൈനകരി ഗ്രാമപഞ്ചായത്തിൽ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ എ. അലക്സാണ്ടറുടെ അദ്ധ്യക്ഷതയിൽ ആലോചനാ യോഗം ചേർന്നു. ജില്ലാ സാമൂഹ്യനീതി ഓഫീസർ എ.ഒ.അബീൻ, ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ പ്രതിനിധികളായ ഡോ.എം.പി.ആന്റണി, കെ.വി.ശ്രുതി, കൈനകരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.സി.പ്രസാദ്, വൈസ് പ്രസിഡന്റ് പ്രസീദ മിനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.