അമ്പലപ്പുഴ: ബി.ജെ.പി നേതാവ് രൺജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത എല്ലാ പ്രതികളെയും അറസ്റ്റു ചെയ്യാത്തതിൽ പ്രതിഷേധിച്ച് ആർ.എസ്.എസ് പ്രവർത്തകർ അമ്പലപ്പുഴയിൽ പ്രതിഷേധപ്രകടനം നടത്തി. നീർക്കുന്നം തേവരുനട ക്ഷേത്ര പരിസരത്തു നിന്ന് ആരംഭിച്ച പ്രകടനം അമ്പലപ്പുഴ കച്ചേരി മുക്കിൽ സമാപിച്ചു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് അമ്പലപ്പുഴ ഡി.വൈ.എസ്.പി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ അമ്പലപ്പുഴ സി.ഐ ദ്വിജേഷ് കുമാർ, പുന്നപ്ര സി.ഐ പ്രതാപ്ചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.