മാവേലിക്കര: മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിലെ തട്ടപ്പിനിരയായ നിക്ഷേപകർ നീതി ലഭിക്കാത്തതിനെ തുടർന്ന് ഭിക്ഷാടന സമരത്തിലേക്ക്. ഇന്ന് രാവിലെ 10 മണി മുതൽ മാവേലിക്കര കെ.എസ്.ആർ.ടി.സി ജംഗ്ഷനില്‍ ഭിക്ഷാടനം നടത്തുമെന്ന് നിക്ഷേപക കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു. അഞ്ച് വര്‍ഷമായി നീതി ലഭിക്കാത്ത നിക്ഷേപകർ നടത്തുന്ന അനിശ്ചിതകാല സമരം 22 ദിനം പിന്നിട്ടിട്ടും നടപടി ഒന്നും ആകാത്ത സാഹചര്യത്തിലാണ് ഭിക്ഷാടനത്തിലേക്ക് കടക്കുന്നതെന്നും ആത്മഹത്യയല്ലാതെ മറ്റു വഴിയില്ലാത്തവരാണ് തട്ടിപ്പിനിരയായവരിൽ ഏറെയെന്നും നിക്ഷേപക കൂട്ടായ്മ കൺ​വീനർ ബി.ജയകുമാർ പറഞ്ഞു. നിക്ഷേപക കൂട്ടായ്മയുടെ നേതൃത്വത്തില്‍ മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് ആസ്ഥാനത്ത് ഇന്നലെ നടന്ന സമരം നിക്ഷേപക പ്രതിനിധി ശോഭ ഹരികുമാർ ഉദ്ഘാടനം ചെയ്തു. വി.ജി.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വേലപ്പന്‍ നായർ, പി.സി.ശശി, സുഷമ്മ, ലേഖ, മിനി, പ്രഭാബാബു, ഉണ്ണികൃഷ്ണപിള്ള രാജു എന്നിവർ സംസാരിച്ചു.