ഹരിപ്പാട്: പക്ഷിപ്പനി വ്യാപിക്കുന്നതിനെ തുടർന്ന് പള്ളിപ്പാട് ഗ്രാമപഞ്ചായത്തിൽ താറാവുകളോടൊപ്പം കോഴികളെയും കൊന്നൊടുക്കുന്നു. ഇന്നലെ 360 കോഴികളെയാണ് കൊന്നത്. പള്ളിപ്പാട് മൂന്നാം വാർഡിൽ പറപ്പള്ളിൽ ജോൺ ചാക്കോയുടെ കോഴികളെയാണ് ഇന്നലെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കൊന്നത്. ജില്ലാ വെറ്റിനറി ഡോക്ടർമാരായ ടോണി തോപ്പിൽ, രാകേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ട് സംഘങ്ങളാണ് കോഴികളെ തീയിട്ട് പൂർണമായും നശിപ്പിച്ചത്. കഴിഞ്ഞദിവസം ഈ മേഖലയിലെ 11000 താറാവുകളും രോഗബാധയെത്തുടർന്ന് കൊന്നിരുന്നു. വടക്കേക്കര പള്ളിപ്പാട് കിഴക്ക് ചക്കാലയിൽ ഷിനു 750 താറാവുകളും, ഷിബു ചക്കാലയിൽ 758, തെക്കേക്കര കിഴക്ക് മൂന്നു പാറയിൽ സാബു 5100, പുളിമൂട്ടിൽ ചിറയിൽ എബി ഫിലിപ്പ് 920, ചൊവ്വാലിൽ വർഗീസ് 3570 എന്നി​ങ്ങനെയാണ് താറാവുകളെയാണ് കഴിഞ്ഞദിവസം കൊന്നത്. കൂടാതെ 7600 മുട്ടകളും നശിപ്പിച്ചു.