nellu

ആലപ്പുഴ: കുട്ടനാട്ടിൽ രണ്ടാം കൃഷിയുടെ നെല്ല് സംഭരണത്തിൽ കനത്ത ഇടിവ്. ന്യൂനമർദ്ദത്തെ തുടർന്നുണ്ടായ തുടർച്ചയായ മഴ, വെള്ളപ്പൊക്കം, മടവീഴ്ച എന്നിവയാണ് വിളവ് കുറയാൻ കാരണമായത്. രണ്ടരലക്ഷം ക്വിന്റൽ നെല്ല് കുറഞ്ഞതായാണ് കണക്ക്. 5.10 ലക്ഷം ക്വിന്റൽ നെല്ലാണ് വിളവ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സംഭരിക്കാനായത് 2.86 ലക്ഷം ക്വിന്റൽ മാത്രമാണ്.

പല പാടങ്ങളിലും മഴയിൽ വെള്ളം കെട്ടിനിന്ന് നെല്ല് ചീഞ്ഞ് നശിച്ചിരുന്നു. സമയത്ത് കൊയ്ത്ത് നടക്കാതിരുന്നതും വിളവെടുപ്പിനെ ബാധിച്ചു. കൊയ്ത്ത് യന്ത്രങ്ങളുടെ ക്ഷാമവും തിരച്ചടിയായി. വിളവെടുപ്പ് പ്രായം കഴിഞ്ഞ് ഒന്നര മാസത്തിന് ശേഷമാണ് പല പാടങ്ങളിലും കൊയ്ത്ത് നടന്നത്. കുട്ടനാട് പാക്കേജ് നടത്തിപ്പിലെ അപാകതയാണ് കൃഷി നാശത്തിന് കാരണമെന്ന് കർഷകർ പറയുന്നു.

ഒക്ടോബറിൽ തുടങ്ങേണ്ട പുഞ്ചകൃഷി ഇത്തവണ ഡിസംബറോടെയാണ് ആരംഭിച്ചത്. ജില്ലയിൽ ഭൂരിഭാഗം പാടശേഖരങ്ങളിലും കൃഷിയിറക്കുന്നത് പുഞ്ചകൃഷിയാണ്. രണ്ടാംകൃഷി പകുതി പാടശേഖരങ്ങളിൽ മാത്രമാണ് നടക്കാറുള്ളത്.

2018ലെ പ്രളയത്തിന് ശേഷം എക്കൽ അടിഞ്ഞ് നല്ല വിളവാണ് കുട്ടനാട്ടിൽ ലഭിക്കുന്നത്. എന്നാൽ ഇത്തവണ കാലവർഷക്കെടുതിയിൽ പ്രതീക്ഷിച്ച വിളവ് ലഭിച്ചില്ല. കൊവിഡ് പ്രതിസന്ധിക്കിടയിൽ കടം വാങ്ങി കൃഷിയിറക്കിയവർക്കാണ് വിളവ് കുറഞ്ഞത് തിരിച്ചടിയായത്.

വിളവ് വെള്ളത്തിൽ മുങ്ങി

1. പ്രളയത്തിന് ശേഷം കുട്ടനാട്ടിൽ ലഭിക്കുന്നത് നല്ല വിളവ്

2. അടിക്കടിയുണ്ടായ മഴയും വെള്ളപ്പൊക്കവും തിരിച്ചടിയായി

3. പല പാടങ്ങളും വെള്ളത്തിൽ മുങ്ങി കൃഷി നശിച്ചു

4. കൊയ്ത്ത് കാലത്തെ മഴയും തടസമായി

5. കൊയ്ത്ത് യന്ത്ര ക്ഷാമവും വിളവെടുപ്പിനെ ബാധിച്ചു

രണ്ടാം കൃഷി: 8167.63 ഹെക്ടറിൽ

പ്രതീക്ഷിച്ച വിളവ്: 5.10 ലക്ഷം ക്വിന്റൽ

ലഭിച്ചത്: 2.86 ലക്ഷം ക്വിന്റൽ

നഷ്ടം: 2.24 ലക്ഷം ക്വിന്റൽ

കാലവർഷത്തിൽ മടവീഴ്ച: 65 ഓളം

ഓരുവെള്ളത്തിൽ മുങ്ങി പുഞ്ചകൃഷി

വൈകി വിതയിറക്കിയതോടെ പല പുഞ്ചപ്പാടങ്ങളും ഓരുവെള്ള ഭീഷണി നേരിടുകയാണ്. ജില്ലയിൽ ശരാശരി 25,​000 ഹെക്ടറിലാണ് പുഞ്ചകൃഷിയിറക്കിത്. സാധാരണ തുലാമാസത്തിലാണ് വിത നടക്കുന്നത്. എന്നാൽ കാലവർഷക്കെടുതിയിൽ വിളവെടുപ്പ് താമസിച്ചതിനാൽ പുഞ്ചകൃഷിയും വൈകി. തോട്ടപ്പള്ളി സ്പിൽവേ വഴി ഉപ്പുവെള്ളം കയറിത്തുടങ്ങിയതായി മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രം കണ്ടെത്തി. തണ്ണീർമുക്കം ബണ്ടിലൂടെയും കായംകുളം പൊഴിയിലൂടെയും ഉപ്പുവെള്ളം കയറുന്നതും തിരിച്ചടിയായിട്ടുണ്ട്.

''''

കുട്ടനാട്ടിൽ ഇത്തവണയുണ്ടായത് കനത്ത കൃഷിനാശമാണ്. കാലംതെറ്റി വിതയിറക്കിയതിനാൽ പുഞ്ചകൃഷിയിലും വിളവ് കുറയും. ഓരുവെള്ള ഭീഷണി നിലനിൽക്കുന്നു. കുട്ടനാട് പാക്കേജ് വേഗത്തിൽ നടപ്പാക്കണം.

സുനിൽ, കർഷകൻ