
ആലപ്പുഴ: സംസ്ഥാനത്ത് ഒമിക്രോൺ പ്രതിരോധം ശക്തമാക്കിയതോടെ ജില്ലയിൽ ഹൗസ്ബോട്ടുകൾക്കും ഓഡിറ്റോറിയങ്ങൾക്കും വീണ്ടും പൂട്ടുവീഴുന്നു. അയൽസംസ്ഥാനങ്ങൾ യാത്രാ നിയന്ത്രണം കടുപ്പിച്ചതോടെ സഞ്ചാരികളുടെ വരവും കുറഞ്ഞു. ചടങ്ങുകൾക്ക് ആൾക്കൂട്ടം പാടില്ലെന്ന നിർദ്ദേശമാണ് ഓഡിറ്റോറിയങ്ങൾക്ക് തിരിച്ചടിയായത്.
ക്രിസ്മസ് - പുതുവത്സര സീസണിൽ ആഭ്യന്തര സഞ്ചാരികൾ എത്തിത്തുടങ്ങിയത് പ്രതീക്ഷ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നിയന്ത്രണം വീണ്ടും കടുപ്പിച്ചത്. സഞ്ചാരികൾക്ക് പുറമേ ബിസിനസുകാരും പ്രൊഫഷണലുകളും രാജ്യാന്തര യാത്രകൾ വെട്ടിക്കുറച്ചിരിക്കുകയാണ്. വിവിധ കമ്പനികൾ ആഭ്യന്തര, അന്തർദേശീയ യാത്രകൾ നിയന്ത്രിച്ചതായാണ് റിപ്പോർട്ട്.
ഇവന്റുകളും എക്സ്പോകളും ഓൺലൈനിലേക്ക് ചുവട് മാറ്റിയത് ഓഡിറ്റോറിയങ്ങൾക്കും തിരിച്ചടിയായി. കൊവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ രണ്ടു മാസമായി ഹൗസ്ബോട്ട് മേഖലയിൽ തിരക്കേറിയിരുന്നു. റിസോർട്ടുകളും ഹോംസ്റ്റേകളും സജീവമാവുകയും ചെയ്തു. എന്നാൽ പുതിയ സാഹചര്യത്തിൽ ബുക്ക് ചെയ്ത പല യാത്രകളും റദ്ദാക്കുകയാണ്. മൺസൂൺ ടൂറിസം, ഓണം, വള്ളംകളി എന്നിവ പ്രമാണിച്ച് ജൂൺ മുതൽ ഒക്ടോബർ വരെ നേരത്തെ ഓട്ടം ലഭിച്ചിരുന്നു. എന്നാൽ ഒമിക്രോൺ പ്രതിസന്ധി പ്രതീക്ഷകൾക്കും കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്.
രോഗികൾ വർദ്ധിക്കുന്നത് തിരിച്ചടി
1. ഒമിക്രോൺ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു
2. പൊതു നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കുന്നു
3. ചടങ്ങുകൾക്ക് ഓഡിറ്റോറിയങ്ങൾ ഒഴിവാക്കുന്നു
4. വിവാഹ ബുക്കിംഗുകൾ റദ്ദാക്കുന്നു
5. വിനോദ സഞ്ചാരികളും കുറഞ്ഞു
കടം പെരുകി മുന്നോട്ട്
ഒന്നര വർഷത്തിലേറെ ഓടാതെ കിടന്ന ഹൗസ് ബോട്ടുകൾ 20 മുതൽ 50 ലക്ഷം രൂപ വരെ ചെലവാക്കിയാണ് നവീകരിച്ചത്. ഇതിന് ബാങ്ക് വായ്പയെയാണ് ആശ്രയിച്ചിരിക്കുന്നത്. ഓട്ടം നിലച്ചാൽ വീണ്ടും കടക്കെണിയിലാകും. ഇളവുകളെ തുടർന്ന് ചെറിയ ചടങ്ങുകൾ ആരംഭിച്ചതും മാർച്ച് മുതൽ മേയ് വരെയുള്ള വിവാഹ സീസണുമാണ് ഓഡിറ്റോറിയം ഉടമകൾ പ്രതീക്ഷയർപ്പിച്ചിരുന്നത്. ഇതും ഇപ്പോൾ പലരും റദ്ദാക്കുകയാണ്. ജില്ലയിൽ സ്വകാര്യമേഖലയിൽ നൂറിലധികം ഓഡിറ്റോറിയങ്ങളാണുള്ളത്. കൂടാതെ ക്ഷേത്ര - സാമുദായിക സംഘടനകളുടെ നൂറോളം ഓഡിറ്റോറിയങ്ങളും പ്രവർത്തിക്കുന്നുണ്ട്.
""
ഹൗസ് ബോട്ട് മേഖലയിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണം. സർവീസ് ഇല്ലാതിരുന്ന കാലത്തെ ഫീസുകൾ ഒഴിവാക്കണം. സാമൂഹിക അകലം പാലിച്ച് പ്രവർത്തനാനുമതി നൽകണം.
ആർ.ആർ. ജോഷിരാജ്,
മുൻ സംസ്ഥാന പ്രസിഡന്റ്,
ഹൗസ്ബോട്ട് ഓണേഴ്സ് അസോ.