
അമ്പലപ്പുഴ: ശരണം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ അമ്പലപ്പുഴ പേട്ടതുള്ളൽ സംഘത്തിന്റെ ശബരിമല തീർത്ഥാടനം ആരംഭിച്ചു. കിഴക്കേ ഗോപുര നടയിൽ കണ്ണമംഗലം കേശവൻ നമ്പൂതിരി, എരുമേലി പേട്ടതുള്ളലിന് എഴുന്നള്ളിക്കുവാനുള്ള തിടമ്പ് പൂജിച്ച് സമൂഹപ്പെരിയോൻ എൻ. ഗോപാലകൃഷ്ണപിള്ളയ്ക്ക് കൈമാറി. തുടർന്ന് പ്രത്യേകം ഒരുക്കിയ രഥത്തിലേക്ക് തിടമ്പ് എഴുന്നള്ളിച്ച് യാത്ര പുറപ്പെട്ടു.
രഥത്തിനു പിന്നാലെ കാൽനടയായാണ് ഭക്തരുടെ യാത്ര. മുന്നൂറോളം സ്വാമിമാരും മാളികപ്പുറങ്ങളുമാണ് സംഘത്തിലുള്ളത്. മുൻ സമൂഹപ്പെരിയോനും സംഘം രക്ഷാധികാരിയുമായ കളത്തിൽ ചന്ദ്രശേഖരൻ നായർ സംഘത്തെ യാത്രയാക്കി. എച്ച്. സലാം എം.എൽ.എയും പങ്കെടുത്തു. ആദ്യദിനം അമ്പലപ്പുഴയിലെ ഏഴ് കരകളിലെ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയശേഷം അമ്പലപ്പുഴ ക്ഷേത്രത്തിൽ വിശ്രമിച്ച് ഇന്ന് രാവിലെ എരുമേലിയിലേക്ക് യാത്ര ആരംഭിക്കും. ചൊവ്വാഴ്ചയാണ് എരുമേലി പേട്ട തുള്ളൽ. പേട്ടതുള്ളലിനു ശേഷം വ്യാഴാഴ്ച പമ്പയിൽ എത്തി സദ്യ നടത്തി മലകയറും. മകര വിളക്ക് ദിവസമായ 14ന് രാവിലെ അമ്പലപ്പുഴക്കാരുടെ നെയ്യഭിഷേകം നടക്കും. 15ന് വൈകിട്ട് മാളികപ്പുറം മണിമണ്ഡപത്തിൽ നിന്ന് ശീവേലി എഴുന്നള്ളത്തും തുടർന്ന് കർപ്പൂരാഴി പൂജയും നടത്തി 10 നാൾ നീളുന്ന തീർത്ഥാടനത്തിന് സമാപനം കുറിച്ച് സംഘം മലയിറങ്ങും.
ക്യാപ്ഷൻ: അമ്പലപ്പുഴ പേട്ടതുള്ളൽ സംഘത്തിന്റെ ശബരിമല തീർത്ഥാടനത്തിനായി അലങ്കരിച്ച രഥത്തിൽ തിടമ്പ് എഴുന്നള്ളിച്ച് ഘോഷയാത്രയുടെ അകമ്പടിയോടെ സംഘം യാത്ര ആരംഭിക്കുന്നു