tv-r
കുറുമ്പിൽ കായലിൽ. പോള തിങ്ങി നിറഞ്ഞതിനെ തുടർന്ന് കടത്ത് വള്ളം നിലച്ച നിലയിൽ

# കോടംതുരുത്ത് പി.എസ് ഫെറിയിൽ പാലം ഇനിയും അകലെ

തുറവൂർ: കുറുമ്പിൽ കായലിലെ കോടംതുരുത്ത് പി.എസ് ഫെറിയിൽ സർക്കാർ വക കടത്തുവള്ളമില്ലാതായിട്ട് വർഷങ്ങൾ പിന്നിടുന്നു. പോള ശല്യം രൂക്ഷമായി സ്വകാര്യ കടത്തുവള്ളവും നിലച്ചതോടെ അക്കരെയിക്കരെ കടക്കാനാവാതെ വിഷമിക്കുകയാണ് കോടംതുരുത്ത് പഞ്ചായത്തിലെ പടിഞ്ഞാറൻ മേഖലയിലുള്ളവർ.

മൂന്ന് വർഷത്തിലധികമായി സർക്കാർ കടത്തുവള്ളം നിലച്ചിട്ട്. മുൻകാലങ്ങളിൽ രണ്ട് കടത്തുവള്ളങ്ങളാണ് ഉണ്ടായിരുന്നത്. സർക്കാർ ജീവനക്കാരൻ വിരമിച്ചെങ്കിലും പകരം ആളെ നിയമിച്ചില്ല. തുടർന്ന് സ്വകാര്യവ്യക്തിയുടെ കടത്തായിരുന്നു നാട്ടുകാരുടെ ആശ്രയം. എന്നാൽ കായലിൽ പോള നിറഞ്ഞ് വള്ളം തുഴയാൻ പറ്റാതായതോടെ ഇതും നിലച്ചിട്ട് മാസങ്ങളായി.

വല്ലേത്തോട്, ചേരുങ്കൽ, പി.എസ് കവല, കരുമാഞ്ചേരി, ചങ്ങരം എന്നിവിടങ്ങളിൽ നിന്ന് ദേശീയപാതയിൽ എത്താനുള്ള എളുപ്പമാർഗമാണ് പി.എസ് കടത്ത്.

ദേശീയപാതയ്ക്ക് കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലായാണ് കോടംതുരുത്ത് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറൻ മേഖലയിലെ 2, 12, 13, 14, 15 വാർഡുകളിലെ ജനങ്ങൾ ദേശീയപാതയോരത്തെ പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, പൊലീസ് സ്റ്റേഷൻ, കൃഷിഭവൻ, മൃഗാശുപത്രി, ദേശസാൽകൃത ബാങ്കുകൾ, കെ.എസ്.എഫ്.ഇ, ട്രഷറി, മാർക്കറ്റ് എന്നിവിടങ്ങളിൽ പോയിരുന്നത് കായൽ കടന്നാണ്.

ജോലിക്ക് പോകുന്നവർക്കും കോടംതുരുത്ത് വി.വി.എച്ച്.എസ്.എസ്, ചമ്മനാട് ഇ.സി.ഇ.കെ സ്കൂൾ എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളും കായൽ കടക്കാൻ കടത്തുവള്ളമായിരുന്നു ആശ്രയം. കടത്ത് നിലച്ചതോടെ സ്വകാര്യ ഓട്ടോറിക്ഷകളിലും മറ്റ് വാഹനങ്ങളിലുമായി തുറവൂർ, ചമ്മനാട് എന്നിവിടങ്ങളിലൂടെ കിലോമീറ്ററുകൾ ചുറ്റിവേണം കുത്തിയതോട്ടിലെത്താൻ.

ചുറ്റിക്കറങ്ങേണ്ടത് 5 കിലോമീറ്ററിലധികം

1. കടത്ത് നിലച്ചതോടെ ആശ്രയം സ്വകാര്യ വാഹനങ്ങൾ

2. അഞ്ച് കിലോമീറ്ററിലധികമാണ് ചുറ്റിക്കറങ്ങേണ്ടത്

3. ധനനഷ്ടത്തിന് പുറമേ സമയനഷ്ടവും വലയ്ക്കുന്നു

4. വിദ്യാർത്ഥികൾ കാൽനടയായാണ് സ്കൂളിൽ പോകുന്നത്

5. ദേശീയപാതയിൽ നിന്ന് പി.എസ് ടവിലേക്കുള്ള റോഡും തകർന്നു

6. കാൽനട യാത്രയും അസാദ്ധ്യമായി

തിരിഞ്ഞുനോക്കാതെ ജനപ്രതിനിധികൾ

60 മീറ്റർ വിതീയുള്ള പി.എസ് ഫെറിയിൽ കായലിന് കുറുകെ പാലം നിർമ്മിക്കണമെന്ന നാട്ടുകാരുടെ മുറവിളിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കെ.ആർ. ഗൗരിഅമ്മ 1995ൽ പാലം നിർമ്മിക്കാനുള്ള പ്രാരംഭ നടപടികൾക്ക് തുടക്കമിട്ടിരുന്നു. മണ്ണ് പരിശോധന നടന്നെങ്കിലും പിന്നീട് വന്ന ജനപ്രതിനിധികൾ ഇവിടേയ്ക്ക് തിരിഞ്ഞുനോക്കിയില്ല. പാലം യാഥാർത്ഥ്യമായാൽ കായലോര പ്രദേശങ്ങളുടെ വികസനത്തിന് പുറമേ ദേശീയപാതയിൽ നിന്ന് തുറവൂർ - കുമ്പളങ്ങി റോഡിനെ ബന്ധിപ്പിക്കുന്ന പുതിയൊരു പാതകൂടി നിലവിൽ വരും. ഒപ്പം പടിഞ്ഞാറൻ തീരമേഖലയിലുള്ളവർക്ക് എളുപ്പത്തിൽ ദേശീയപാതയിലെത്താനുമാകും.

""

കടത്തുവള്ളമില്ലാത്തതിനാൽ കോടംതുരുത്തിന്റെ പടിഞ്ഞാറൻ കായലോര മേഖല ഒറ്റപ്പെട്ട അവസ്ഥയിലാണ്. മുൻ കാലങ്ങളിൽ നാല് സ്ഥലങ്ങളിൽ നിന്ന് കടത്തുവള്ളം ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ഒന്നും പ്രവർത്തിക്കുന്നില്ല.

മനോജ് നികർത്തിൽ, നാട്ടുകാരൻ

""

അടിയന്തരമായി സർക്കാർ കടത്ത് പുനഃസ്ഥാപിച്ച് ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കണം. പഞ്ചായത്ത് കമ്മിറ്റിയിൽ പല തവണ ഇക്കാര്യം ഉന്നയിച്ചിട്ടും നടപടി സ്വീകരിച്ചില്ല.

ജയിംസ് ആലത്തറ, പഞ്ചായത്തംഗം

""

സർക്കാർ കടത്തുവള്ളത്തിൽ സ്ഥിരം ജീവനക്കാരനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി ഇറിഗേഷൻ വകുപ്പിന് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല. പഞ്ചായത്തിന്റെ നേതൃത്വത്തിൽ പകരം സംവിധാനമൊരുക്കും.

ബിനീഷ് ഇല്ലിക്കൽ, കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ്