a
മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായ നിക്ഷേപകര്‍ നടത്തിയ ഭിക്ഷാടനം സമരം

മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിൽ തട്ടിപ്പിനിരയായ നിക്ഷേപകർ മാവേലിക്കര നഗരത്തിൽ ഭിക്ഷാടന സമരം നടത്തി. തട്ടിപ്പ് നടന്ന് ആറാം വർഷത്തിലേക്ക് എത്തുമ്പോഴും നിക്ഷേപകർക്ക് നിതി ലഭിക്കാത്ത സാഹചര്യത്തിലാണ് നിക്ഷേപക കൂട്ടായ്മ അനിശ്ചിതകാല സമരം ആരംഭിച്ചത്. നിക്ഷേപകരുടെ അനിശ്ചിതകാല സമരം 23 ദിവസം പിന്നിട്ടിട്ടും ബാങ്ക് ഭരണ സമിതിയുടെ ഭാഗത്ത് നിന്നോ സഹകരണ വകുപ്പിന്റെ ഭാഗത്തു നിന്നോ പണം തിരികെ ലഭിക്കുന്നതിനാവശ്യമായ നടപടികൾ ഉണ്ടാകാത്തതിനെ തുടർന്നായി​രുന്നു സമരം.

സ്ത്രീകൾ ഉൾപ്പടെയുള്ള നിക്ഷേപകർ തോർത്തുവിരിച്ച് ഭിക്ഷ ചട്ടിയുമായി ഭിക്ഷയാചിച്ചും മുദ്രാവാക്യം വിളിച്ചുമായിരുന്നു സമരം. കൺവീനർ ബി.ജയകുമാർ, വി.ജി.രവീന്ദ്രൻ, അഡ്വ.എം.വിനയൻ, ശ്രീവത്സൻ, റ്റി.കെ.പ്രഭാകരൻനായർ, രമ, രഞ്ജു ജയകുമാർ, പങ്കജാക്ഷി, സുലേഖ എന്നിവർ നേതൃത്വം നൽകി. കഞ്ഞിവെപ്പ് സമരം, പ്രതീകാത്മക ആത്മഹത്യ, ശവമഞ്ചൽ സമരം എന്നിങ്ങനെ നിരവധി സമരങ്ങളാണ് നിക്ഷേപക കൂട്ടായ്മയുടെ അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി നടന്നത്. 23ാം ദിന അനിശ്ചിതകാല സമരം എസ്.എഫ്.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി എ.എ.അക്ഷയ് ഉദ്ഘാടനം ചെയ്തു. ബി.ജയകുമാർ അധ്യക്ഷനായി. എം.വിനയൻ മുഖ്യ പ്രഭാഷണം നടത്തി.