 
ആലപ്പുഴ: മങ്കൊമ്പ് സി ബ്ലോക്ക് പാടശേഖരത്തിൽ ഹൗസ് ബോട്ട് മാലിന്യം കുന്നുകൂടുന്നു. ഇതുവഴി സഞ്ചരിക്കുന്ന ഹൗസ് ബോട്ടുകളിലെ ജീവനക്കാരാണ് പ്ലാസ്റ്റിക് മാലിന്യമുൾപ്പെടെ പ്രദേശത്ത് നിക്ഷേപിക്കുന്നത്. ഇതോടെ പാടത്തെ നെൽകൃഷിയെ ഉൾപ്പെടെ പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയാണുള്ളത്.
ഇനിയും മാലിന്യനിക്ഷേപം തുടർന്നാൽ ഹൗസ് ബോട്ടുകളെ തടയുന്നതടക്കമുള്ള നടപടികൾ ആലോചിക്കുമെന്ന് കർഷകർ മുന്നറിയിപ്പ് നൽകി. സ്ഥിരമായി മടവീഴ്ചാ ഭീഷണി നേരിടുന്ന പ്രദേശമാണ് സി ബ്ലോക്ക്. മാലിന്യങ്ങൾ വേർതിരിച്ച് സ്വീകരിക്കുന്നതിനും സംസ്കരിക്കുന്നതിനും നഗരസഭയുടെ നേതൃത്വത്തിൽ സൗകര്യങ്ങൾ ഉണ്ടായിട്ടും ഇവ പ്രയോജനപ്പെടുത്താതെയാണ്, സ്ഥിരമായി ഹൗസ് ബോട്ട് ജീവനക്കാർ മാലിന്യം വലിച്ചെറിയുന്നത്.
മുൻകാലങ്ങളിൽ നേരിട്ട് കായലിലേക്ക് പ്ലാസ്റ്റിക് പ്ലേറ്റും ഗ്ലാസും ഉൾപ്പെടെ നിക്ഷേപിക്കുന്നത് പതിവായിരുന്നു. കായൽക്കരകളിലെ ജനങ്ങളും അധികൃതരും മുന്നിട്ടിറങ്ങിയതോടെ, ഈ പ്രവണത ഏറെക്കുറെ അവസാനിച്ചു. ഇതോടെയാണ് ആൾത്താമസം കുറവുള്ള കരപ്രദേശത്ത് മാലിന്യ നിക്ഷേപം വ്യാപകമായത്.
""
നെൽകൃഷിയെയടക്കം ബാധിക്കുന്ന തരത്തിലാണ് മാലിന്യനിക്ഷേപം വ്യാപകമാകുന്നത്. ഇതിന് അടിയന്തരമായി പരിഹാരം കാണാൻ അധികൃതർ തയ്യാറാവണം. അല്ലാത്ത പക്ഷം ഈ റൂട്ടിലെത്തുന്ന ഹൗസ് ബോട്ടുകളെ തടയും.
കർഷകർ