മാവേലിക്കര: തിരുവിതാംകൂർ ദേവസ്വം ബോർഡ് മാവേലിക്കര ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ 47ാമത് ഭാഗവത സപ്താഹ യജ്ഞം ഇന്ന് മുതൽ 13 വരെ നടക്കും. ഇന്ന് രാവിലെ 6.30ന് യജ്ഞാചാര്യൻ ആലപ്പുഴ കൃഷ്ണാലയം വേദശ്രേഷ്ഠൻ കണ്ണൻ വേദിക് ഭദ്രദീപ പ്രതിഷ്ഠ നടത്തും. യജ്ഞ ഹോതാവ് കണ്ണൻ തിരുമേനി, യജ്ഞ പൗരാണികരായ സുഗുണൻ കൊല്ലം, അജയഘോഷ് കലാലയം എന്നിവരാണ് സപ്താഹ യജ്ഞത്തിന് കാർമ്മികത്വം വഹിക്കുന്നത്. വൈകിട്ട് 5ന് കലാമണ്ഡലം ശ്രീകാന്ത് വർമ്മയും സംഘവും അവതരിപ്പിക്കുന്ന കേളി, 9ന് പകൽ 11.30ന് നാഗരാജ ആൽത്തറയിൽ നൂറും പാലും, 11ന് പകൽ 11ന് രുഗ്മിണി സ്വയംവരം, 12ന് പകൽ 11.30ന് കുചേലോപാഖ്യാനം, സമാപന ദിനമായ 13ന് ഉച്ചയ്ക്ക് 12.30ന് ദരിദ്രനാരായണ പൂജ തുടർന്ന് അന്നദാന വിതരണം, വൈകിട്ട് 4ന് അവഭൃഥസ്‌നാന ഘോഷയാത്ര. ഗജവീരൻ, മുത്തുക്കുട, താലപ്പൊലി, നാമജപസങ്കീർത്തനാലാപനം എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് വേലകുളത്തിലെ സ്‌നാനത്തിന് ശേഷം ഘോഷയാത്രയായി പടിഞ്ഞാറെനട ഗണപതിയമ്പലം, പുളിമൂട്, മിച്ചൽ ജംഗ്ഷൻ, ബുദ്ധജംഗ്ഷൻ വഴി ക്ഷേത്രത്തിൽ എത്തിച്ചേരും. രാത്രി 7.30ന് പുഷ്പാഭിഷേകവും നടക്കുമെന്ന് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എൻ.രാജൻ, സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ എന്നിവർ അറിയിച്ചു.