ഹരിപ്പാട്: ഷോർട്ട് സർക്യൂട്ടിനെത്തുടർന്ന് വീടിന്റെ മേൽക്കൂര കത്തിനശിച്ചു. വീട്ടുസാധനങ്ങളും അഗ്നിക്കിരയായി. തുലാം പറമ്പ് സൗത്ത് നിസാ മൻസിൽ അബൂബക്കറിന്റെ വീട്ടിലാണ് ഇന്നലെ തീപിടിത്തമുണ്ടായത്. ഓടുമേഞ്ഞ മേൽക്കൂരയുള്ള വീടിന്റെ 2 കിടപ്പുമുറികളുടെ മേൽക്കൂര പൂർണ്ണമായും നശിക്കുകയും ഭിത്തികൾക്ക് സാരമായ കേടുപാടുകൾ ഉണ്ടാവുകയും ചെയ്തു. എ.സി, മൊബൈൽ ഫോണുകൾ ഉൾപ്പെടെ മുറിക്കുള്ളിൽ ഉള്ള സാധനങ്ങൾ പൂർണമായും അഗ്നിക്കിരയായി. തീപിടിത്തം ഉണ്ടാകുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അയൽവാസികളും ഹരിപ്പാട് നിന്നെത്തിയ അഗ്നിരക്ഷാസേനയും ചേർന്നാണ് തീ അണച്ചത്.