ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് 12-ാം വാർഡ് സെന്റ് മൈക്കിൾസ് കോളേജിന് പടിഞ്ഞാറ് രണ്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ മൂന്ന് പേർക്ക് തെരുവനായയുടെ കടിയേറ്റു. പ്ലസ് ടു വിദ്യാർത്ഥിനി പരുത്തിപറമ്പിൽ ബാബുവിന്റെ മകൾ ആൻസി(17),കുറുപ്പംവീട്ടിൽ സുരേഷിന്റെ മകൻ ശ്രാവൺ(13) എന്നീ വിദ്യാർത്ഥികൾക്കും ഉള്ളാടശേരിൽ രജീഷിനുമാണ് (37) നായയുടെ കടിയേറ്റത്.

ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് സംഭവം. ആൻസിയെയാണ് ആദ്യം നായ ആക്രമിച്ചത്. സമീപത്തെ ബന്ധുവിന്റെ വീട്ടിൽ നിൽക്കുന്നതിനിടെ കാലിൽ കടിക്കുകയായിരുന്നു. സൈക്കിളിൽ പോകുന്നതിനിടെയാണ് ശ്രാവണിന്റെ കാലിൽ നായ കടിച്ചത്. റേഷൻ കടയിൽ പോയി മടങ്ങുന്നതിനിടെയാണ് രജീഷിന്റെ കാൽമുട്ടിൽ നായയുടെ കടിയേറ്റത്. ഇതിനിടെ ഗ്യാസ് സിലണ്ടർ വിതരണത്തിന് എത്തിയ ആളേയും നായ ആക്രമിച്ചെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കടിയേറ്റ മൂന്നു പേരും ചികിത്സ തേടി.