 
ആലപ്പുഴ: നഗരത്തിലെ പ്രധാന ജംഗ്ഷനുകൾ സന്ധ്യമയങ്ങിയാൽ ഇരുട്ടിൽ മുങ്ങും. വൈ.എം.സി.എക്കും ജില്ലാ കോടതി പാലത്തിനും തെക്കേക്കരയിലാണ് സ്ട്രീറ്റ് ലൈറ്റിന്റെ അഭാവം മൂലം യാത്രക്കാർ ബുദ്ധിമുട്ടുന്നത്. കെ.എസ്.ആർ.ടി.സിക്കും സ്വകാര്യ ബസുകൾക്കും സ്റ്റോപ്പുള്ള സ്ഥലമായിട്ടും അധികൃതരുടെ അവഗണന തുടരുകയാണ്.
അവധി ദിനങ്ങളിൽ ഇരുട്ടിലാണ് സ്ത്രീകളുൾപ്പെടെ ബസ് കാത്തുനിൽക്കുന്നത്. ചേർത്തല, എറണാകുളം റൂട്ടിലെയും കടപ്പുറം, അമ്പലപ്പുഴ റൂട്ടിലെയും യാത്രക്കാർ ആശ്രയിക്കുന്ന പ്രധാന സ്റ്റോപ്പുകളിലൊന്നാണിവിടം. സമീപത്ത് ബീവറേജ് ഔട്ട്‌ലെറ്റ് പ്രവർത്തിക്കുന്നതിനാൽ സന്ധ്യസമയത്ത് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
മുല്ലയ്ക്കൽ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് ജോലി കഴിഞ്ഞിറങ്ങുന്ന സ്ത്രീകൾ ബസ് ലഭിക്കാൻ പ്രധാനമായും ആശ്രയിക്കുന്ന സ്റ്റോപ്പുകൂടിയാണിവിടം. സമാനമായി വെളിച്ച പ്രതിസന്ധി നേരിട്ടിരുന്ന പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് ആഴ്ചകൾക്ക് മുമ്പാണ് ലൈറ്റ് പുനഃസ്ഥാപിച്ചത്.
""
ഏറെ തിരക്കുള്ള പ്രദേശമാണ് ജില്ലാ കോടതി പാലത്തിന്റെ തെക്കേക്കര. യാത്രക്കാരുടെയും സമീപവാസികളുടെയും സുരക്ഷ മുൻനിറുത്തി അടിയന്തിരമായി ലൈറ്റ് പുനഃസ്ഥാപിക്കും.
പി.എസ്.എം. ഹുസൈൻ,
വൈസ് ചെയർമാൻ, ആലപ്പുഴ നഗരസഭ