ആലപ്പുഴ : കുട്ടികളുടെ കളിചിരികളും വിവിധ ഗെയിമുകളുമായി കൊവിഡ് കാലത്തിന് മുമ്പ് വരെ സജീവമായിരുന്ന ബീച്ചിലെ കുട്ടികളുടെ പാർക്കിന് പഴയ പ്രൗഢി നഷ്ടമാകുന്നു. ലോക്ക് ഡൗണിന് ശേഷം കടപ്പുറത്തെ വിജയ് പാർക്കിനോട് ചേർന്നുള്ള അമ്യൂസ്മെന്റ് പാർക്ക് തുറക്കാത്തതാണ് കാരണം.

വർഷങ്ങളുടെ പഴക്കമുള്ള വിജയ് പാർക്കിലെ ഏതാനും കളിയുപകരണങ്ങൾ മാത്രമാണ് ഇപ്പോൾ കുട്ടികൾക്ക് ഉപയോഗിക്കാൻ പാകത്തിനുള്ളത്. ഇവയിൽ പ്ലാസ്റ്റിക് സ്ലൈഡുകൾ ഉൾപ്പടെ പലതും പൊട്ടിപ്പോയതിനാൽ കയറുപയോഗിച്ച് വരിഞ്ഞ് മുറുക്കി വച്ചിരിക്കുകയാണ്. ഡി.ടി.പി.സിയുടെ മേൽനോട്ടത്തിലുള്ള പാർക്കിൽ പൊതു- സ്വകാര്യ പങ്കാളിത്തത്തോടെയാണ് അമേയ്സ് വേൾഡ് അമ്യൂസ്മെന്റ് പാർക്ക് പ്രവർത്തിച്ചിരുന്നത്. വർഷങ്ങളായി പ്രവർത്തിക്കാതെ കിടക്കുന്നതിനാൽ വലിയ തുക മുടക്കി അറ്റകുറ്റപ്പണികൾ നടത്താതെ ഇതിന്റെ പ്രവർത്തനം പുനരാരംഭിക്കാനാവില്ല. പാർക്ക് നടത്തിയിരുന്ന സ്വകാര്യ സംരംഭകർ കഴിഞ്ഞദിവസവും ഡി.ടി.പി.സിയെ സമീപിച്ചിരുന്നു. എന്നാൽ ബോർഡ് കൂടി, ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന ശേഷം മാത്രമേ പാർക്ക് വീണ്ടും തുറക്കുന്ന കാര്യത്തിൽ തീരുമാനമാകൂ.

പ്രതിമാസം അരലക്ഷം നഷ്ടം

ഒന്നരക്കോടി രൂപയുടെ 5 ഡി തിയേറ്റർ, കളി തീവണ്ടി, ഗെയിമിംഗ് സ്റ്റേഷനുൾപ്പടെയുള്ളവയാണ് പ്രവർത്തനമില്ലാതെ നശിക്കുന്നത്. പ്രതിമാസം അരലക്ഷത്തിലധികം രൂപ വാടകയിനത്തിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് ലഭിച്ചുകൊണ്ടിരുന്നതും നിലച്ചു. പാർക്ക് വീണ്ടും പഴയപടിയാകുന്നതിന് ലക്ഷങ്ങൾ വീണ്ടും ചെലവഴിക്കേണ്ടിവരും.

ആളുണ്ട്, അരങ്ങില്ല

1. പാർക്കിൽ പ്രവേശനഫീസ്: കുട്ടികൾക്ക് 5 രൂപ, മുതിർന്നവർക്ക് 10 രൂപ

2. ഇപ്പോൾ പാർക്കിൽ വിരലിലെണ്ണാവുന്ന കളിയുപകരണങ്ങൾ മാത്രം

3. പുതുമയായി പറയാൻ 60 രൂപ നിരക്കിലുള്ള ഇലക്ട്രിക് സ്കൂട്ടറും കാറും

4. രക്ഷിതാക്കളുമായി നൂറുകണക്കിന് കുട്ടികൾ ദിവസവും പാർക്കിലെത്തുന്നു

5. അന്യസംസ്ഥാന വിനോദ സഞ്ചാരികൾ ഉൾപ്പെടെ പാർക്കിലെത്തുന്നുണ്ട്

എക്സിക്യൂട്ടീവ് കമ്മിറ്റി കൂടിയ ശേഷം, ജില്ലാ കളക്ടറുമായി ആലോചിച്ച് പാർക്ക് നവീകരണമടക്കം തീരുമാനിക്കും. എം.എൽ.എയുടെ ഉൾപ്പെടെ സമയ സൗകര്യം അനുസരിച്ച് യോഗം ചേരും

- ലിജോ എബ്രഹാം, ഡി.ടി.പി.സി സെക്രട്ടറി