road

വള്ളികുന്നം: പുനർനിർമ്മാണം നടത്തി രണ്ടു വർഷമായപ്പോൾ റോഡിലെ തകർന്നു പോയ ചപ്പാത്തുകൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. ചൂനാട്-കാമ്പിശ്ശേരി റോഡിലാണ് അപകടം പതിയിരിക്കുന്നത്. വള്ളികുന്നം പഞ്ചായത്ത് ഓഫീസിന് സമീപമുള്ള കടയ്ക്കത്തറ ജംഗ്ഷൻ, കണിയാൻമുക്ക്, കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ ജംഗ്ഷൻ എന്നിവിടങ്ങളിലെ വളവുകളിൽ മഴവെള്ളം ഒഴുകിപ്പോകാൻ വേണ്ടി നിർമ്മിച്ചതായിരുന്നു ചപ്പാത്തുകൾ.റോഡ് നിർമ്മാണം പൂർത്തിയാക്കി മാസങ്ങൾക്കു ശേഷമായിരുന്നു ചപ്പാത്തുകളിൽ ടൈൽ പാകിയത്.പിന്നീട് ഇവ ഇളകി മാറി ഗർത്തങ്ങൾ രൂപപ്പെട്ടു. റോഡിന്റെ ഇരുവശങ്ങളിലുമാണ് ടൈലുകൾ തകർന്നു പോയത്. ഇരുചക്ര വാഹന യാത്രികരാണ് അപകടത്തിൽപ്പെടുന്നവരിലേറെയും. സ്കൂട്ടറിൽ സഞ്ചരിച്ച നിരവധി സ്ത്രീകൾക്കാണ് ഇവിടെ വീണ് പരിക്കേറ്റത്. .ഇതേ റോഡിലെ കണിയാൻ ജംഗ്ഷനിൽ അശാസ്ത്രീയമായി നിർമ്മിച്ച ഓടയും അപകടഭീഷണി ഉയർത്തുന്നു. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാനായി ഓട നിർമ്മിച്ചെങ്കിലും മഴക്കാലമായാൽ ഇവിടെ വെള്ളം കെട്ടിക്കിടന്ന് അപകടം പതിവാകുകയാണ്.

ചപ്പാത്തുകൾ

മഴവെള്ളം ഒഴുകിപ്പോകുന്നതിനായാണ് റോഡിലെ വളവുകളിൽ ചപ്പാത്തുകൾ നിർമ്മിച്ചത്.

90 : കിഫ്ബി പദ്ധതി പ്രകാരം 90ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് പുനർനിർമ്മിച്ചത്

'' ചപ്പാത്തുകൾ വലിയ അപകടഭീഷണിയാണ്. ഇതിന് ഉടനടി പരിഹാരം കണ്ടില്ലെങ്കിൽ നാട്ടുകാർ പ്രക്ഷോഭം ആരംഭിക്കും.

-സെലിൻ ഗോപി,( പൊതുപ്രവർത്തകൻ)


ഈ ചപ്പാത്തുകൾ സ്ത്രീകളായ ഇരുച്ചക്ര വാഹന യാത്രികർക്കാണ് ഏറ്റവും കൂടുതൽ ഭീഷണി ഉയർത്തുന്നത്.

-സ്മിത,കന്നേൽ പടീറ്റതിൽ

റോഡ് നിർമ്മാണത്തിൽ വൻ അപാകത ഉണ്ടായിട്ടുണ്ട്. വളവുകളിലെ അപകടാവസ്ഥ യാത്രക്കാർക്ക് ഭീഷണിയാണ്

അൻസാർ (ഷാജി )
പൊതുപ്രവർത്തകൻ