26 ന് പുതിയ സി.ഡി.എസ് ഭരണസമിതികൾ ചുമതലയേൽക്കും
ആലപ്പുഴ: കുടുംബശ്രീ അയൽക്കൂട്ട തിരഞ്ഞെടുപ്പുകൾക്ക് തുടക്കമായി. അയൽക്കൂട്ടം, എ.ഡി.എസ്, സി.ഡി.എസ് തലങ്ങളിലാണ് തിരഞ്ഞെടുപ്പ്. ആദ്യ ഘട്ടമായി ഇന്നലെ ആരംഭിച്ച അയൽക്കൂട്ട തല തിരഞ്ഞെടുപ്പ് 13ന് പൂർത്തിയാകും. എ.ഡി.എസ് തലം 16 മുതൽ 21 വരെയും, സി.ഡി.എസ് തലം 25 നുമാണ് നടക്കുക. ജനുവരി 26 ന് ജില്ലയിൽ പുതിയ സി.ഡി.എസ് ഭരണസമിതികൾ ചുമതലയേൽക്കും. ജില്ലയിൽ 21971 അയൽക്കൂട്ടങ്ങളിൽ പ്രസിഡന്റ്, സെക്രട്ടറി, മൂന്ന് കൺവീനർമാർ എന്നിവരെയാണ് തിരഞ്ഞെടുക്കുന്നത്. പട്ടികവർഗ, പട്ടികജാതി അംഗങ്ങളുടെ എണ്ണത്തിന് ആനുപാതികമായി സംവരണം ഉറപ്പാക്കിയാണ് നടപടികൾ. എല്ലാ തലങ്ങളിലും ഭാരവാഹികളിൽ പകുതി പേർ ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവരായിരിക്കും. ജില്ലയിൽ 1365 എ.ഡി.എസുകളും 80 സി.ഡി.എസുകളുമാണുള്ളത്. വാർഡിലെ ഓരോ അയൽക്കൂട്ടത്തിലേയും അഞ്ചംഗ ഭാരവാഹികൾ ചേർന്ന എ.ഡി.എസ് പൊതുസഭയിൽ നിന്നാണ് എ.ഡി.എസ് ഭാരവാഹികളെ തിരഞ്ഞെടുക്കുക.എ.ഡി.എസിന് 11 ഭാരവാഹികളുണ്ടാകും. ഓരോ എ.ഡി.എസിലേയും 11 ഭാരവാഹികൾ ചേർന്ന സി.ഡി.എസ് പൊതുസഭ സി.ഡി.എസ് ഭാരവാഹികളെ തിരഞ്ഞെടുക്കും. എ.ഡി.എസ്, സി.ഡി.എസ് തിരഞ്ഞെടുപ്പിന്റെ വരണാധികാരികൾക്കുള്ള പരിശീലനം പൂർത്തിയായി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആർ. ദേവദാസ് ആണ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ. തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് തയ്യാറെടുപ്പുകൾ പൂർത്തീകരിച്ചതായി കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ജെ. പ്രശാന്ത് ബാബുവും അസി. കോ-ഓർഡിനേറ്റർ കെ.ബി. അജയകുമാറും അറിയിച്ചു.