ആലപ്പുഴ: ആലപ്പുഴ - ചങ്ങനാശേരി റോഡിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി 10 മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ രാവിലെ 9 മുതൽ 10.30 വരെ കെ.എസ്.ആർ.ടി.സി ബസുകൾ ഒഴികെയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു. ജില്ലാ കളക്ടർ എ. അലക്സാണ്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റേതാണ് തീരുമാനം. യാണ് നിരോധനം. കുട്ടനാട് മേഖലയിൽ അവശ്യ സാധന സാമഗ്രികളുമായി എത്തുന്ന വലിയ വാഹനങ്ങൾക്കു മാത്രമേ നിരോധനം ബാധകമല്ലാത്ത സമയങ്ങളിൽ റോഡിൽ പ്രവേശനാനുമതിയുള്ളൂ. എ.സി റോഡ് വികസന പദ്ധതിയുടെ ഭാഗമായി പണ്ടാരക്കളം, മങ്കൊമ്പ് പാലങ്ങളുടെ പുനർനിർമാണ ജോലികൾ ആരംഭിച്ച സാഹചര്യത്തിൽ ഈ പാലങ്ങളിൽ 10 മുതൽ 85 ദിവസത്തേക്ക് ഗതാഗതം തടസപ്പെടും. ചെറു വാഹനങ്ങൾ കടന്നുപോകുന്നതിനായി പാലങ്ങൾക്കു സമാന്തരമായി സർവീസ് റോഡുകൾ നിർമിച്ചിട്ടുണ്ട്. ആലപ്പുഴയിൽ നിന്നു വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ പണ്ടാരക്കളം വരെയും ചങ്ങനാശേരി ഭാഗത്തു നിന്ന് വരുന്ന ബസുകൾ മങ്കൊമ്പ് ബ്ലോക്ക് ജംഗ്ഷൻ വരെയുമാകും സർവീസ് നടത്തുക.കെ.എസ്.ടി.പി, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി, പൊലീസ്, കെ.എസ്.ആർ.ടി.സി, മോട്ടോർ വാഹന വകുപ്പ്, നെടുമുടി, ചമ്പക്കുളം ഗ്രാമപഞ്ചായത്തുകൾ എന്നിവയുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.