ചേർത്തല: ഉരുളക്കിഴങ്ങ് ചാക്കുകൾക്കിടെ ഒളിപ്പിച്ചു കടത്തിയ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. 1.2 കോടി രൂപ വിലയുള്ള 100 ചാക്ക് പുകയില ഉത്പ്പന്നങ്ങളാണ് വ്യാഴാഴ്ച്ച പുലർച്ചെ ചേർത്തല പൊലീസ് പിടികൂടിയത്. ലോറി ഡ്രൈവർ സേലം ആ​റ്റൂർ തുമ്പൽ തേർക്കുകാടായ് വിഥിയിൽ അരുൾമണി (29), സേലം ഓമല്ലൂർ കനവൈപുധുർ കെ.എൻ.പുഡൂർ രാജശേഖർ (29)എന്നിവർ അറസ്​റ്റിലായിരുന്നു. ഇവർക്ക് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചു. പിഴ അടക്കമുള്ള ശിക്ഷാനടപടികൾ കോടതിയാണ് തീരുമാനിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ലോറിയിലുണ്ടായിരുന്ന ഉരുളക്കിഴങ്ങ് കണ്ടുകെട്ടുന്നതിന് പൊലീസ് കളക്ടർക്ക് റിപ്പോർട്ട് കൈമാറി.
ഡ്രൈവർ തന്നെയാണ് ലോറിയുടെ ഉടമയെന്നും പൊലീസ് പറഞ്ഞു. കർണാടകയിൽ നിന്നാണ് പുകയില ഉത്പന്നങ്ങൾ എത്തിച്ചതെന്നാണ് ചോദ്യം ചെയ്യലിൽ പൊലീസിന് ലഭിച്ച വിവരം.ഡ്രൈവറുടെയും സഹായിയുടെയും ഫോൺവിളികൾ, ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയവ പൊലീസ് പരിശോധിക്കുന്നുണ്ട്‌.