
ചേർത്തല: അപകടത്തിൽ പരിക്കേറ്റ യുവാക്കളുടെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനായി അഞ്ച് സ്വകാര്യ ബസുകൾ കാരുണ്യ യാത്ര നടത്തി. ഇന്നലെ സർവീസുകളിൽ നിന്ന് ലഭിച്ച മുഴുവൻ തുകയും യുവാക്കളുടെ കുടുംബത്തിന് കൈമാറും.
റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുനിസിപ്പൽ അഞ്ചാം വാർഡിൽ നികർത്തിൽ വീട്ടിൽ ഉണ്ണിക്കുട്ടൻ (26), ആറാം വാർഡിൽ ചാക്കടയിൽ നന്ദുകുമാർ(21) എന്നിവർക്കായാണ് ബസ് തൊഴിലാളികൾ ഒന്നിച്ചത്. 30 ലക്ഷത്തിലധികം രൂപ ഇവരുടെ ചികിത്സക്കായി വേണ്ടിവരും. ഇതിനായി ചേർത്തല സ്വകാര്യ ബസ്റ്റാൻഡിലെ ബി.എം.എസ് തൊഴിലാളികുടെ സഹായത്തോടെ അഞ്ച് ബസുകൾ കാരുണ്യ യാത്ര നടത്തുകയായിരുന്നു. ഇതോടൊപ്പം ബി.ജെ.പിയുടെ നേതൃത്വത്തിൽ പ്രവർത്തകരും തുക സമാഹരിക്കുന്നുണ്ട്. ധനസമാഹരണത്തിന്റെ ഉദ്ഘാടനം ബി.ജെ.പി ചേർത്തല മണ്ഡലം ജനറൽ സെക്രട്ടറി അരുൺ കെ.പണിക്കർ നിർവഹിച്ചു. സെക്രട്ടറി രാജേഷ് ഓംകാരേശ്വരം, കൗൺസിലർ രാജശ്രീ ജ്യോതിഷ്, ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് രതീഷ്, ജനറൽ സെക്രട്ടറി ചന്ദ്രൻ നെടുമ്പ്രക്കാട്,ഡി. ജ്യോതിഷ്, രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.