ആലപ്പുഴ: സഞ്ചാരികൾ കൂടുതലായെത്തുന്ന ആലപ്പുഴ ബീച്ചിൽ സന്ധ്യമയങ്ങിയാൽ, വെളിച്ചമില്ലാത്തത് സുരക്ഷാ ഭീഷണി ഉയർത്തുന്നു. ഇരുട്ടിന്റെ മറവിൽ സാമൂഹ്യവിരുദ്ധരും ലഹരിമാഫിയയും ബീച്ച് കൈയടക്കിയിരിക്കുകയാണ്.
കൂടാതെ കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ ബീച്ചിൽ ആത്മഹത്യാശ്രമം നടത്തിയത് എട്ടുപേരാണ്. കടബാദ്ധ്യത മൂലം കടലിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച മണ്ണഞ്ചേരിയിലെ യുവാവിന്റേതാണ് ഒടുവിലത്തെ സംഭവം. കോസ്റ്റൽ വാർഡനാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.
കുട്ടികളുടെ പാർക്കിന് സമീപത്തെ കാറ്റാടി മരങ്ങൾ നിറഞ്ഞുനിൽക്കുന്ന ഭാഗത്ത് ആവശ്യത്തിന് വെളിച്ചമില്ല. ഇതാണ് ലഹരി സംഘങ്ങൾക്കും ആത്മഹത്യ ചെയ്യാനെത്തുന്നവർക്കും അവസരമാകുന്നത്. ഇവിടെ വെളിച്ചമെത്തിച്ചാൽ ഒരു പരിധിവരെ സാമൂഹികവിരുദ്ധരെ അകറ്റാനാകും. ബീച്ചിൽ ആത്മഹത്യാശ്രമം നടത്തിയവരെയെല്ലാം ലൈഫ് ഗാർഡുകളുടെയും ടൂറിസം പൊലീസിന്റെയും അവസരോചിതമായ ഇടപെടലാണ് രക്ഷപ്പെടുത്തിയത്. എന്നാൽ ബീച്ചിലെ സുരക്ഷാ ഭീഷണി വലിയ വെല്ലുവിളിയായി മാറുകയാണ്.
സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച
വിജയ് പാർക്കിന് സമീപം കാറ്റാടി മരങ്ങൾ തിങ്ങിനിൽക്കുന്ന ഭാഗത്താണ് സുരക്ഷാപ്രശ്നം ഏറെയുള്ളത്. പകൽ ലൈഫ് ഗാർഡുമാരുടെയും രാത്രി ടൂറിസം പൊലീസിന്റെയും സേവനമാണ് തീരത്തുള്ളത്. എന്നാലിത് പരിമിതമാണെന്നാണ് ആക്ഷേപം. ഇത് മുതലെടുത്താണ് ലഹരി മാഫിയ തമ്പടിച്ചിരിക്കുന്നത്. സഞ്ചാരികൾ കൂടുതലായെത്തുന്ന പകൽ സമയത്ത് അഞ്ച് ഗാർഡുകളും ടൂറിസം പൊലീസും മാത്രമാണ് ആകെ ഡ്യൂട്ടിയിലുള്ളത്.
''''
കാറ്റാടിക്ക് സമീപമുള്ള തോടിനോട് ചേർന്ന വഴിയിലൂടെയാണ് സാമൂഹികവിരുദ്ധർ പ്രവേശിക്കുന്നത്. ഇത് പലപ്പോഴും ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടില്ല. ബീച്ചിൽ ഹൈമാസ്റ്റ് ലൈറ്റ് ഉൾപ്പെടെയുള്ളവ ഉണ്ടെങ്കിലും വെളിച്ചം അപര്യാപ്തമാണ്. അധികൃതർ അടിയന്തരമായി ഇടപെടണം.
അനിൽകുമാർ, ലൈഫ് ഗാർഡ്