photo

ആലപ്പുഴ: കുട്ടനാട്, അപ്പർ കുട്ടനാടൻ മേഖലകളിലെ പാടശേഖരങ്ങളിലെ പുഞ്ചകൃഷിക്ക് ഭീഷണിയായ ഉപ്പുവെള്ളം തടയാനുള്ള ഓരുമുട്ട് നിർമ്മാണം ആരംഭിച്ചു. കഴിഞ്ഞ മാസം ടെണ്ടർ നടപടികൾ പൂർത്തീകരിച്ചെങ്കിലും കാലംതെറ്റിയ മഴയിൽ ജലാശയങ്ങളിൽ ജലനിരപ്പ് താഴാതിരുന്നതാണ് ഓരുമുട്ട് നിർമ്മാണം വൈകിപ്പിച്ചത്.

മഹാദേവികാട് പുളിക്കീഴ്, കരുവാറ്റ കൊപ്പാറക്കടവ്, കൊട്ടാരവളവ്, ഡാണാപ്പടി തോട് എന്നിവിടങ്ങളിലാണ് ഓരുമുട്ട് നിർമ്മാണം ആരംഭിച്ചത്. നിർമ്മാണം വൈകുന്നത് സംബന്ധിച്ച് ഡിസംബർ 22ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് അടിയന്തരമായി ജോലികൾ ആരംഭിച്ചത്. ജലാശയങ്ങളിൽ ലവണാംശം വർദ്ധിച്ചതിനാൽ പുഞ്ചകൃഷിയിറക്കുന്നതിൽ നിന്ന് ഭൂരിഭാഗം കർഷകരും പിൻവാങ്ങിയിരുന്നു.

വൃശ്ചിക വേലിയേറ്റത്തിൽ വേമ്പനാട്, കായംകുളം കായൽ, തോട്ടപ്പള്ളി ലീഡിംഗ്ചാനൽ എന്നിവിടങ്ങളിലൂടെയാണ് ഓരുവെള്ളം കൃഷിയിടങ്ങളിൽ കയറിയത്. ജില്ലയിൽ മേജർ ഇറിഗേഷൻ വകുപ്പിന്റെ മേൽനോട്ടത്തിൽ നാലും മൈനർ ഇറിഗേഷന്റെ നേതൃത്വത്തിൽ ചെറുതും വലുതുമായ 564ലും ഓരുമുട്ടുകളാണ് വർഷം തോറും നിർമ്മിക്കുന്നത്.

മഹാദേവികാട് പുളിക്കീഴ്, കരുവാറ്റ കൊപ്പാറക്കടവ്, കൊട്ടരവളവ്, ഡാണാപ്പടിതോട് എന്നിവിടങ്ങളിൽ മേജർ ഇറിഗേഷന്റെയും മൈനർ ഇറിഗേഷൻ ചെങ്ങന്നൂർ ഡിവിഷൻ പരിധിയിൽ 49ഉം ചേർത്തല സബ്ഡിവിഷൻ പരിധിയിൽ 515ഉം ഓരുമുട്ടുകളാണ് നിർമ്മാണം ആരംഭിച്ചത്.

പുഞ്ചകൃഷി സംരക്ഷിക്കാൻ ഓരുമുട്ടുകൾ

1. ചെങ്ങന്നൂർ ഡിവിഷനിലെ ഹരിപ്പാട് മേഖലയിലാണ് കൂടുതൽ ഓരുമുട്ടുകൾ നിർമ്മിക്കുന്നത്

2. കഴിഞ്ഞ 15ന് മുമ്പ് ടെണ്ടർ നടപടികൾ പൂർത്തീകരിച്ചു

3. പ്രളയജലം ഒഴുക്കാൻ നിലവിലുണ്ടായിരുന്ന ഓരുമുട്ടുകളും നീക്കം ചെയ്തു

4. പുളിക്കീഴ് ആറിന് കുറുകെ തെങ്ങിൻ കുറ്റികൾ താഴ്ത്തി

5. ഇനി മണൽ നിറയ്ക്കുന്ന ജോലികളാണ് ശേഷിക്കുന്നത്

തോടുകളെയും വേർതിരിക്കും

വേലിയേറ്റത്തിൽ തള്ളിക്കയറുന്ന ഉപ്പുവെള്ളം തടയാൻ ആറാട്ടുപുഴ, കാർത്തികപ്പള്ളി, കരുവാറ്റ, കുമാരപുരം പഞ്ചായത്തുകളിലായി മൈനർ ഇറിഗേഷൻ 49 ഓരുമുട്ടുകളാണ് നിർമ്മിക്കുന്നത്. ചെമ്പുതോട്, കല്പകവാടി തോട്, ത്രാച്ചേരി, ഡാണാപ്പടി എന്നീ തോടുകൾക്ക് കുറുകേയാണ് പ്രധാനമായും ഓരുമുട്ട് നിർമ്മാണം. ശേഷിച്ച ഓരുമുട്ടുകൾ ചെറുതോടുകൾക്ക് കുറുകേയാണ്. ചേർത്തല സബ്ഡിവിഷനിൽ തണ്ണീർമുക്കത്തും വേമ്പനാട് കായലുമായി ബന്ധപ്പെട്ട് കിടക്കുന്ന ചെറുതോടുകൾക്ക് കുറുകേയുമാണ് നിർമ്മാണം.

ആകെ ഓരുമുട്ടുകൾ: 568

മേജർ ഇറിഗേഷൻ: 4

മൈനർ ഇറിഗേഷൻ ചെങ്ങന്നൂർ ഡിവിഷൻ: 49

ചേർത്തല സബ്ഡിവിഷൻ: 515

""

പ്രളയജലം ഒഴുകിമാറാൻ വൈകിയതാണ് ഓരുമുട്ട് നിർമ്മാണം വൈകിപ്പിച്ചത്. നിർമ്മാണം അടിയന്തരമായി ആരംഭിച്ചു. ഉടൻ പൂർത്തിയാക്കും.

ഇറിഗേഷൻ വകുപ്പ് അധികൃതർ