ആലപ്പുഴ : ജില്ലയുടെ കിഴക്കൻ മേഖലകളിൽ ഭൂഗർഭ ജലനിരപ്പ് താഴ്ന്നതോടെ മുന്നറിയിപ്പുമായി ജല അതോറിട്ടി. പ്രളയത്തിന് പിന്നാലെ കൊടുംവരൾച്ചയുടെ സൂചനകളാണ് പലേടത്തും. മാവേലിക്കര, കാർത്തികപ്പള്ളി, ചെങ്ങന്നൂർ ഭാഗങ്ങളിലാണ് ഭൂഗർഭ ജലനിരപ്പ് കൂടുതൽ താഴുന്നതായി റിപ്പോർട്ടുള്ളത്. ജലസ്രോതസുകൾ മലിനമായതും പ്രതിസന്ധി രൂക്ഷമാക്കുന്നു.

മിക്ക പ്രദേശങ്ങളിലും പൈപ്പുകളിൽ വെള്ളം എത്താത്തതിനാൽ കുടിവെള്ളം വിലയ്ക്ക് വാങ്ങേണ്ട അവസ്ഥയാണ്. പ്രാഥമിക ആവശ്യങ്ങൾക്കുള്ള വെള്ളം പോലും പണം കൊടുത്തു വാങ്ങുകയാണ്. പമ്പ,മണിമല നദികളിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞതാണ് പരമ്പരാഗത ജലസ്രോതസുകളിലെ വെള്ളം വറ്റാൻ കാരണമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു . പട്ടണക്കാട്, അരൂർ, തുറവൂർ എന്നിവിടങ്ങളിൽ ഓരുവെള്ള ഭീഷണിയുണ്ട്. ഇവിടെ സമീപ പ്രദേശങ്ങളിലെ ജലസ്രോതസുകളിൽ നിന്ന് അധിക പമ്പിംഗ് തടയുന്നുണ്ട്. ജലനിരപ്പ് താഴുന്നത് കിണറുകളിലും ഓരുവെള്ള ഭീഷണി സൃഷ്ടിക്കുന്നുണ്ട്.

തൊണ്ട നനയ്ക്കാൻ പെടാപ്പാട്

1.ജില്ലയുടെ മിക്ക ഭാഗങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷം

2.ഭൂഗർഭ ജലനിരപ്പ് താഴുന്നതായി റിപ്പോർട്ടുകൾ

3.ഓരുവെള്ള ഭീഷണിയും തിരിച്ചടിയാകുന്നു

4.കുടിവെള്ളം വിലയ്ക്കു വാങ്ങേണ്ട ഗതികേടിൽ ജനങ്ങൾ

281 : ജില്ലയിൽ റവന്യൂ വകുപ്പ് സജ്ജീകരിച്ചിട്ടുള്ള ആകെ കുടിവെള്ള കിയോസ്കുകൾ

പ്രയോജനപ്പെടുന്നത് 100ൽ താഴെ കിയോസ്കുകൾ

പമ്പ,മണിമല,അച്ചൻകോവിൽ എന്നിങ്ങനെ മൂന്ന് നദികളും അതിന്റെ കൈവഴികളും ഒഴുകുന്ന ജില്ലയിൽ കടുത്ത കുടിവെള്ള ക്ഷാമമാണ് നേരിടുന്നത്. 6 നഗരസഭകളിലും 73 പഞ്ചായത്തുകളിലുമായി 281ലധികം കുടിവെള്ള കിയോസ്കുകൾ റവന്യൂ വകുപ്പ് സജീകരിച്ചിരുന്നെങ്കിലും 100 താഴെ കിയോസ്കുകൾ മാത്രമേ നിലവിൽ പ്രവർത്തനക്ഷമമായിട്ടുള്ളൂ.ജലഅതോറിട്ടിയുടെ പ്ലാന്റുകളിൽ നിന്നു തന്നെയാണ് കിയോസ്കുകളിലും വെള്ളം സംഭരിക്കുന്നത്.

'' കാലവർഷത്തിൽ ലഭിച്ച മഴ ജില്ലയ്ക്ക് ഗുണം ചെയ്തിട്ടില്ല. വേനൽ കടുത്തതോടെ മാവേലിക്കര, കാർത്തികപ്പള്ളി, ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് ഭൂഗർഭജലനിരപ്പ് താഴ്ന്നു തുടങ്ങി. താഴ്ന്ന പ്രദേശങ്ങളിൽ ഓരുവെള്ള ഭീഷണിയും തിരിച്ചടിയാകുന്നു'

(ഭൂർഗഭ ജലവിഭാഗം)