bdn
ഹരിപ്പാട് ടൗണിൽ പുതിയതായി ഏർപ്പെടുത്തുന്ന ട്രാഫിക്ക് പരിഷ്കരണത്തിൻ്റെ ഭാഗമായി റോഡിൻ്റെ ഇടത് സൈഡിൽ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സ്ഥലം മാർക്ക് ചെയുന്നു.

ഹരിപ്പാട്: നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി പാർക്കിംഗി​ന് പുതിയ അടയാളങ്ങൾ രേഖപ്പെടുത്തി​. ടൗൺഹാൾ ജംഗ്ഷൻ മുതൽ കിഴക്കോട്ട് എഴിയ്ക്കകത്ത് ജംഗ്‌ഷൻ വരെയും തുടർന്ന് തെക്കോട്ട് താലൂക്കാശുപത്രി വരെയുള്ള ടൗണിലെ റോഡിൻ്റെ ഇടതുഭാഗത്തായി വാഹനങ്ങൾ നീളത്തിൽ പാർക്ക് ചെയ്യുന്നതിനായി പുതിയതായി സ്ഥലം മാർക്ക് ചെയ്തു. ഹരിപ്പാട് ടൗണിൽ ഇരു വശത്തേക്കും ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് വേണ്ടിയാണ് പരീക്ഷണാർത്ഥം വാഹനങ്ങൾക്ക് പുതിയ പാർക്കിംഗ് രീതി ഏർപ്പെടുത്തിയിരിക്കുന്നത്.

ഹരിപ്പാട് ടൗണിൽ ഇരുഭാഗത്തേക്കും ഗതാഗതം പുന:സ്ഥാപിക്കുന്നതിനായി കാർത്തികപ്പള്ളി താലുക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റിയുടെ ഉത്തരവ് പ്രകാരമാണ് പുതിയ ട്രാഫിക് സംവിധാനം പരീക്ഷണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്നത്. ടൗൺഹാൾ ജംഗ്ഷൻ മുതൽ കിഴക്കോട്ട് ഹരിപ്പാട് ഹെഡ് പോസ്റ്റാഫിസിന്റെ മുൻഭാഗം വരെ 2.70 മീറ്റർ വീതിയിലും തുടർന്ന് റോഡിന്റെ വീതി കുറവായതിനാൽ 2 മീറ്റർ വീതിയിലുമാണ് പാർക്കിംഗിനായി സ്ഥലം അടയാളപ്പെടുത്തിയിരിക്കുന്നത്. പുതിയ പാർക്കിംഗ് രീതിയും ഇരുവശത്തേക്കും ഗതാഗതവും ആരംഭിക്കുന്നതോടെ റോഡിൽ ഇട്ടിരിക്കുന്ന ഉരുട്ട് വണ്ടികളും മറ്റ് തടസങ്ങളും പൊലീസും മുൻസിപാലിറ്റിയും ചേർന്ന് നീക്കം ചെയ്യും. താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ നിർദേശപ്രകാരം പൊതുമരാമത്ത് വകുപ്പ് ഹരിപ്പാട് റോഡ്സ് വിഭാഗമാണ് വാഹനങ്ങളുടെ പാർക്കിംഗ് സ്ഥലം അടയാളപ്പെടുത്തിയത്. നഗരസഭാ ചെയർമാൻ കെ.എം.രാജുവി​ന്റെ നിർദ്ദേശപ്രകാരം ഹരിപ്പാട് മുൻസിപാലിറ്റിയിൽ നിന്നും മാർക്കിംഗിന് ആവശ്യമായ പെയിന്റ് വാങ്ങി നല്കി. അഡ്വ.വി. ഷുക്കൂർ, താലുക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി സെക്രട്ടറി ദീപ്തി മാത്യു, നഗരസഭാ കൗൺസിലർമാരായ കെ.കെ രാമകൃഷ്ൻ, ശ്രീവിവേക്, പൊതുമരാമത്ത് വകുപ്പ് ഉദ്യേഗസ്ഥർ, ഹരിപ്പാട് സ്റ്റേഷനിലെ പൊലിസ് ഉദ്യേഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലം അടയാളപ്പെടുത്തൽ നടത്തിയത്.