ആലപ്പുഴ: സ്വത്ത് തർക്കത്തെ തുടർന്ന് ഗുണ്ടാനേതാവിനെ സഹോദരനും സുഹൃത്തും ചേ‌ർന്ന് കുടുംബവീട്ടിൽ വച്ച് മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചു. കൊലപാതകശ്രമം ഉൾപ്പെടെ 25ഓളം കേസുകളിൽ പ്രതിയായ ആലപ്പുഴ കുന്നുംപുറം റോസ് മഹലിൽ സാബറിനാണ് (41) പരിക്കേറ്റത്. പൊലീസ് പറയുന്നതിങ്ങനെ: ഏറെനാളായി കുടുംബസ്വത്ത് സംബന്ധിച്ച് സഹോദരങ്ങൾ തമ്മിൽ വഴക്ക് നടന്നിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 1.30ന് വട്ടയാലുള്ള വീട്ടിലെത്തിയ സാബറും സഹോദരനും തമ്മിൽ വാക്കുതർക്കമുണ്ടായി. കാര്യങ്ങൾ ബലപ്രയോഗത്തിലേക്ക് നീങ്ങിയതോടെ വീട്ടിലുണ്ടായിരുന്ന സുഹൃത്തിന്റെ സഹായത്തോടെ ആയുധം ഉപയോഗിച്ച് സാബറിന്റെ തലയ്ക്കും കാലിനും വെട്ടുകയായിരുന്നു. സംഭവശേഷം പ്രതികൾ രക്ഷപ്പെട്ടു. അയൽവാസികൾ അറിയിച്ചതിനെ തുടർന്നെത്തിയ പൊലീസാണ് സാബറിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പരിക്ക് ഗുരുതരമായതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സൗത്ത് പൊലീസ് കേസെടുത്ത് പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചു. സാബറിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമേ പ്രതികളുടെ വിവരങ്ങൾ വെളിപ്പെടുത്താനാവൂ എന്ന് സൗത്ത് എസ്.ഐ അറിയിച്ചു.