മാവേലിക്കര: പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിലെ പെരുന്നാളിന് ഇത്തവണ അലങ്കരിച്ച വാഹനങ്ങളിൽ മാത്രമായി റാസ ആചാര പ്രകാരം നടത്താൻ നഗരസഭ അദ്ധ്യക്ഷൻ കെ.വി.ശ്രീകുമാർ വിളിച്ചു ചേർത്ത സർക്കാർ തല അവലോകന യോഗത്തിൽ തീരുമാനം. ന
പൊലീസ് അനുമതി നൽകുന്ന നിശ്ചിത എണ്ണം വാഹനങ്ങൾ പ്രത്യേക സ്റ്റിക്കർ പതിച്ച് മാത്രമേ റാസയിൽ പങ്കെടുക്കാൻ അനുവദിക്കൂ. 16, 17 തീയതികളിൽ നടക്കുന്ന പെരുന്നാളിൽ 16ന് മാത്രമേ റാസ ഉണ്ടാകൂ. കൊവിഡിനു മുൻപുള്ള വർഷങ്ങളിൽ നടത്തിയിരുന്ന രണ്ടാം ദിവസത്തെ സൺഡേ സ്കൂൾ, മർത്തമറിയം സമാജം റാലി ഇത്തവണയും ഒഴിവാക്കി. അതിനാൽ 17ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം പള്ളിക്കു പ്രദക്ഷിണം നടത്തി കൊടിയിറക്ക് നടക്കും. 16ന് വൈകിട്ട് 7ന് തഴക്കര എം.എസ് സെമിനാരിയിൽ നിന്നാരംഭിക്കുന്ന വാഹന റാസ ഒരു സ്ഥലങ്ങളിലും നിർത്തില്ല.
നഗരസഭ ഉപാധ്യക്ഷ ലളിത രവീന്ദ്രനാഥ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ അനി വർഗീസ്, സജീവ് പ്രായിക്കര, കൗൺസിലർമാരായ നൈനാൻ സി.കുറ്റിശേരിൽ, തോമസ് മാത്യു മോനച്ചൻ, ബിനു വർഗീസ്, ഡപ്യൂട്ടി തഹസിൽദാർ സുരേഷ് ബാബു, ജോയിന്റ് ആർ.ടി.ഒ ഡാനിയേൽ സ്റ്റീഫൻ, എസ്.ഐ അംശു, വികാരി ഫാ.എബി ഫിലിപ്, സഹവികാരി ഫാ.ജോയ്സ് വി.ജോയി, ട്രസ്റ്റി സൈമൺ വർഗീസ് കൊമ്പശേരിൽ, സെക്രട്ടറി ജി.കോശി തുണ്ടുപറമ്പിൽ, കൺവീനർ വി.പി.വർഗീസ് തുടങ്ങിയവർ സംസാരിച്ചു.