pampatheeram
പരുമല ദേവസ്വംബോർഡ് പമ്പാകോളേജിൽ നടപ്പിലാക്കുന്ന ഫലവൃക്ഷത്തോട്ടം പദ്ധതിക്ക് ചിലവാകുന്ന തുകയുടെ ആദ്യഗഡു പമ്പാതീരം ഗ്ലോബൽ കമ്മ്യൂണിറ്റി ഭാരവാഹികൾ കോളേജ് അധികൃതർക്ക് കൈമാറുന്നു.

മാന്നാർ: പമ്പാനദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പരുമല ദേവസ്വം ബോർഡ് പമ്പാ കോളേജിൽ ഒരേക്കറോളം സ്ഥലത്ത് നടപ്പിലാക്കുന്ന 'പമ്പാതീരം' ഫലവൃക്ഷത്തോട്ടം പദ്ധതിയുടെ ഒന്നാംഘട്ടത്തിനു നാളെ തുടക്കമാകും. കടപ്ര ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ പമ്പാകോളേജ് വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും അദ്ധ്യാപകരും അനദ്ധ്യാപകരും ഒത്തുചേരുന്ന 'പമ്പാതീരം' ഗ്ലോബൽ കമ്മ്യൂണിറ്റി തയ്യാറാക്കുന്ന ഫലവൃക്ഷത്തോട്ടത്തിൽ നാളെ രാവിലെ 10ന് 100 മാവിൻ തൈകൾ നടും.

കടപ്ര പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് ഒരുക്കങ്ങൾ നടത്തുന്നത്. കലാലയത്തിന്റെ മൈതാനത്തിനു മൂന്ന് വശങ്ങളിലായി രണ്ടു വരിയായി വച്ചു പിടിപ്പിക്കുന്ന തൈകൾക്ക് ഡ്രി​പ്പിംഗ് സംവിധാനത്തിലൂടെ ജലം ലഭ്യമാക്കും. കോളേജ് ജീവനക്കാരും വിദ്യാർത്ഥികളും പരിപാലന ചുമതല ഏറ്റെടുക്കും.

മൂന്ന് വർഷം കൊണ്ട് കായ് വീഴും

ചെലവാകുന്ന തുകയുടെ ആദ്യഗഡു പമ്പാതീരം ഗ്ലോബൽ കമ്മ്യൂണിറ്റി ഭാരവാഹികൾ കോളേജ് അധികൃതർക്ക് കൈമാറി. തിങ്കളാഴ്ച രാവിലെ 10 മണിക്ക് വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും അദ്ധ്യാപകരും അനദ്ധ്യാപകരും ചേർന്ന് ഫലവൃക്ഷതൈകൾ നടുമ്പോൾ കോളേജ് കാമ്പസ് ഹരിതാഭകാന്തിയിലേക്ക് മാറുന്നതിനൊപ്പം വിഷരഹിത ഫലങ്ങളുടെ ലഭ്യതയും പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങളാണെന്ന് പ്രിൻസിപ്പൽ ലക്ഷ്മി പരമേശ്വറും പമ്പാതീരം പ്രതിനിധികളും അറിയിച്ചു.

കാമ്പസിലെ മണ്ണിന്റെ ഘടനയ്ക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ കർപ്പൂരം , കോട്ടൂർകോണം, കൊളംബി, മൂവാണ്ടൻ, ജീരക മാവ്, അൽഫോൻസാ, മല്ലിക തുടങ്ങിയ മൂന്ന് വർഷം കൊണ്ട് കായ്ച്ചു തുടങ്ങുന്ന മാവുകളാണ് നടുന്നത്.