ferry
മേൽക്കൂരയില്ലാത്ത ജെട്ടിയിലെ വെയിറ്റിംഗ് ഷെഢ്

പൂച്ചാക്കൽ : നൂറുകണക്കിന് പേർ ദിവസേന യാത്രചെയ്യുന്ന തവണക്കടവ് - വെെക്കം ഫെറിയിൽ നിൽക്കാൻ പോലും ഇടമില്ലാതെ യാത്രക്കാർ നട്ടംതിരിയുന്നു. ഉണ്ടായിരുന്ന ടിക്കറ്റ് കൗണ്ടർ പൊളിച്ച്, പുതിയ ഓഫീസിനായി പണി തുടങ്ങിയെങ്കിലും പാതിവഴിയിൽ നിലച്ചു. ഇതോടെ ജെട്ടിയിലേക്കുള്ള വഴിയും തടസപ്പെട്ടു. ബോട്ടിൽ നിന്ന് സ്വകാര്യവ്യക്തിയുടെ പറമ്പിൽ കൂടിയാണ് യാത്രക്കാർ ഇപ്പോൾ പുറത്തേക്കിറങ്ങുന്നത്.

ജെട്ടിയിലെ വെയിറ്റിംഗ് ഷെഡിന്റെ മേൽക്കൂര കാലപ്പഴക്കത്താൽ ജീർണിച്ചതിനാൽ പൊളിച്ചു മാറ്റി. ഇതോടെ പൊരി വെയിലത്ത് നിന്ന് യാത്രക്കാർ തളരുന്നു. സോളാർ ബോട്ട് ഉൾപ്പെടെ മൂന്ന് ബോട്ടുകളാണ് ഇവിടെ സർവീസ് നടത്തുന്നത്. സംസ്ഥാന ജലഗതാഗത വകുപ്പിന് ഏറ്റവും കൂടതൽ വരുമാനം ലഭിക്കുന്ന ജെട്ടിയാണ് തവണക്കടവിലേത്. വൈക്കം ജെട്ടിയിലാകട്ടെ ,യാത്രക്കാർക്ക് ഇരിക്കാനും വിശ്രമിക്കാനുമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. തവണക്കടവിൽ നിന്ന് വൈക്കത്തേക്ക് ജങ്കാർ സർവ്വീസും നടത്തുണ്ട്. ഓരോ മൂന്ന് മിനിട്ട് ഇടവിട്ട് ചേർത്തലക്കും അരൂക്കുറ്റിയിലേക്കുമുള്ള ബസുകൾ ഇവിടെ എത്തും. വാഹനങ്ങളും യാത്രക്കാരുമായി ഫെറിയിൽ എപ്പോഴും തിരക്കാണ്. ഇതിനിടയിൽ സുരക്ഷിതമായൊന്ന് കയറി നിൽക്കാൻ ബോട്ട് യാത്രക്കാർക്ക് ഇപ്പോൾ ഇടമില്ലാതായി.