ആലപ്പുഴ: ജനകീയ പങ്കാളിത്തത്തോടെയുള്ള വികസന മാതൃകയാണ് ജനകീയാസൂത്രണ പദ്ധതിയിലൂടെ കേരളം സൃഷ്ടിച്ചതെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതിയുടെ ഇരുപത്തിയഞ്ചാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരിക്കൽ അകറ്റിനിറുത്തപ്പെട്ടിരുന്ന സാധാരണക്കാർ ഇന്ന് ആസൂത്രണ പ്രക്രിയയിൽ സജീവ പങ്കാളികളാണ്. വികസനം ജനകീയ ഉത്സമാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞത് ജനകീയാസൂത്രണത്തിലൂടെയാണെന്ന് പി. പ്രസാദ് പറഞ്ഞു. പഞ്ചായത്തിൽ അഗതി രഹിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച രണ്ട് വീടുകളുടെ താക്കോൽ ദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിർവഹിച്ചു. ജനകീയാസൂത്രണ പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങ് എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ് ആരോഗ്യ പ്രവർത്തകരെ ആദരിച്ചു.

ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ ദലീമ ജോജോ എം.എൽ.എ അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. വിശ്വംഭരൻ, തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എൻ.കെ. ജനാർദ്ദനൻ, ഏബ്രഹാം ജോർജ്, പ്രിയ ജയറാം, രതി നാരായണൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.