ആലപ്പുഴ: ആലപ്പുഴ ടൗൺഹാളിൽ നടന്നുവരുന്ന കേരള ബാങ്കിലെ സംഘടനകളായ ഡിസ്ട്രിക്ട് കോ ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ കേരളയുടെയും കേരളാ സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെയും ലയന സമ്മേളനം ഭാരവാഹി തിരഞ്ഞെടുപ്പോടെ ഇന്ന് സമാപിക്കും.
രാവിലെ 9.30ന് ഡി.ബി.ഇ.എഫ് സംസ്ഥാന ജോ. സെക്രട്ടറി കെ.പി. ഷാ ലയനപ്രമേയം അവതരിപ്പിക്കും. 9.45ന് തുർക്കിയിൽ നടക്കുന്ന ഏഷ്യൻ പവർ ലിഫ്ടിംഗ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയവരെ ആദരിക്കൽ, 10.30ന് നടക്കുന്ന സഹകരണ സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ എം. സത്യപാലൻ അദ്ധ്യക്ഷനാകും. ഉച്ചക്ക് 12.30ന് പുതിയ സംഘടനയുടെ പേരു പ്രഖ്യാപനവും പതാക കൈമാറലും മുൻകാല നേതാക്കളെ ആദരിക്കലും കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. ഉച്ചക്ക് 2ന് പുന്നപ്രവയലാർ സമരം ഈ കാലത്തിന് നൽകുന്ന സന്ദേശം എന്ന പ്രമേയം അവതരിപ്പിക്കും. കെ.ആർ. സരളാഭായി അദ്ധ്യക്ഷയാകും. സമര സേനാനിയും ഗായികയുമായ പി.കെ. മേദിനിയെ ആദരിക്കലും പ്രഭാഷണവും മന്ത്രി പി. പ്രസാദ് നിർവത്തിക്കും. ഭാവി പ്രവർത്തനരേഖ അംഗീകരിക്കലും തുടർന്ന് പുതിയ ഭാരവാഹി തിരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.
ഇന്നലെ നടന്ന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ, എ.എം. ആരിഫ് എം.പി, എച്ച്. സലാം എം.എൽ.എ, പി.പി. ചിത്തരഞ്ജൻ എം.എൽ.എ, കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എം. സത്യപാലൻ, എസ്.എസ്. അനിൽ, വി. സുഭാഷ്, കെ.ആർ. സരളാഭായി എന്നിവർ സംസാരിച്ചു. വനിതാ സമ്മേളനം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ്. സുജാത ഉദ്ഘാടനം ചെയ്തു. കെ.വി. പ്രഭാവതി അദ്ധ്യക്ഷയായി. ഡി.ബി.ഇ.എഫ് ജനറൽ സെക്രട്ടറി വി.ബി. പത്മകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രേഡ് യൂണിയൻ പ്രഭാഷണം സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ. ചന്ദ്രൻ പിള്ള നടത്തി.