tur

അരൂർ: ചന്തിരൂരിൽ സമുദ്രോത്പന്ന കയറ്റുമതി സ്ഥാപനത്തിലുണ്ടായ വൻ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം. ആളപായമില്ല. ചന്തിരൂർ പോളപ്പറമ്പ് റോഡിലെ പ്രീമിയർ മറൈൻ ഫുഡ്സിൽ ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു തീപിടിത്തം. കമ്പിനി കെട്ടിടത്തിന്റെ മുകളിലുള്ള ഒരുനിലയുടെ പകുതിഭാഗം കത്തി നശിച്ചു.

കെട്ടിടത്തിന്റെ മുകൾ നിലയിൽ സൂക്ഷിച്ചിരുന്ന ചെമ്മീൻ പാക്കിംഗിനുള്ള കാർട്ടൻസിന് തീ പടരുന്നത് സെക്യൂരിറ്റി ജീവനക്കാരനാണ് ആദ്യം കണ്ടത്. ഉടൻ കമ്പിനി ജീവനക്കാർ ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വിവരമറിയിച്ചതിനെ തുടർന്ന് അരൂർ ഫയർ സ്റ്റേഷനിൽ നിന്ന് എസ്.ടി.ഒ കെ.പി. സന്തോഷിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളെത്തി തീയണയ്ക്കാൻ തുടങ്ങിയെങ്കിലും ടാങ്കറിൽ വെള്ളം തീർന്നത് തിരിച്ചടിയായി. പിന്നീട് മട്ടാഞ്ചേരി, ഗാന്ധിനഗർ, ചേർത്തല എന്നിവിടങ്ങളിൽ നിന്നായി നാല് അഗ്നിശമന യൂണിറ്റ് മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ അണച്ചത്.

ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതിനിടെ മൊബൈലിൽ തീപിടിത്തം പകർത്തിയ ചാനൽ റിപ്പോർട്ടർ കുഞ്ഞുമോൻ അരൂരിനോട് കമ്പനിയുടമ മോശമായി പെരുമാറിയതായും മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതായും ആക്ഷേപമുണ്ട്. അരൂർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് പിന്നീട് മൊബൈൽ ഫോൺ തിരികെ നൽകിയത്. ചേർത്തല ഡിവൈ.എസ്.പി പി.ബി. വിജയൻ, അരൂർ സി.ഐ സുബ്രഹ്മണ്യൻ, എസ്.ഐ അഭിരാം എന്നിവരുടെ നേതൃത്വത്തിൽ പൊലീസും രക്ഷാപ്രവർത്തനത്തിന് എത്തിയിരുന്നു.