ചേർത്തല: അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ 376-ാമത് മകരം തിരുന്നാളിന് നാളെ കൊടിയേറും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തിരുന്നാൾ നടത്തുന്നതെന്ന് ഫാ. സ്റ്റീഫൻ.ജെ. പുന്നക്കൽ, ഫാ. ജോർജ് ബിബിലൻ ആറാട്ടുകുളം, ഫാ. സൈറസ് തോമസ് കാട്ടുങ്കതൈയിൽ, ട്രസ്റ്റി മാർട്ടിൻ ജെയിംസ്, സാബു ജോൺ തൈയിൽ എന്നിവർ പറഞ്ഞു.
തീർത്ഥാടകരുടെ ആരോഗ്യ സുരക്ഷയ്ക്ക് തെർമൽ സ്‌കാനറും സാനിറ്റൈസറും സജ്ജമാക്കിയിട്ടുണ്ട്. തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ വെർച്വൽ ക്യൂ സംവിധാനവും ഒരുക്കും. ഇടവേളകളിൽ ദേവാലയം അണുവിമുക്തമാക്കും. വിശുദ്ധന്റെ തിരുസ്വരൂപം വണങ്ങി മടങ്ങുന്നതിന് ബാരിക്കേഡുകൾ സ്ഥാപിച്ച് പ്രത്യേക വഴിയൊരുക്കും. മെഡിക്കൽ ടീം ആംബുലൻസ് സൗകര്യം സജ്ജമാക്കും. സ്ത്രീകൾക്കും കുട്ടികൾക്കുമായി മദർ ആൻഡ് ചൈൽഡ് കെയർ സുരക്ഷിത സൗകര്യം ഏർപ്പെടുത്തും. പള്ളിപ്പരിസരത്തെ കച്ചവടം പൂർണമായി ഒഴിവാക്കി.
കൂടുതൽ സമയം തീർത്ഥാടകരെ തങ്ങാൻ അനുവദിക്കില്ല. ആൾക്കൂട്ടം ഒഴിവാക്കാൻ നിരീക്ഷണ കാമറകൾ സ്ഥാപിക്കും. പള്ളിയുടെ യൂട്യൂബ് ചാനലുകളിൽ തിരുക്കർമ്മങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യും. 10ന് വൈകിട്ട് 5.30ന് ജപമാല, നൊവേന, ലിറ്റനി, കൊടിയേറ്റ്, പൊന്തിഫിക്കൽ ദിവ്യബലി തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് കാർമ്മികത്വം വഹിക്കും. 11 മുതൽ 19 വരെ വൈകിട്ട് 5ന് ജപമാല, നൊവേന, ലിറ്റനി, ദിവ്യബലി, പ്രസംഗം. 18 ന് രാവിലെ 5ന് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപ നട തുറക്കൽ, 5.30ന് ദിവ്യബലി, മോൺ ജോയി പുത്തൻവീട്ടിൽ കാർമ്മികത്വം വഹിക്കും. 19ന് രാവിലെ 5.30 മുതൽ രാത്രി 10 വരെ ദിവ്യബലി. പ്രധാന തിരുന്നാൾ ദിനമായ 20ന് രാവിലെ 5.30 മുതൽ രാത്രി 10 വരെ തുടർച്ചയായി ദിവ്യബലി. 11ന് ആഘോഷമായ ദിവ്യബലി. ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാൻ ഡോ. തോമസ് തറയിൽ മുഖ്യകാർമ്മികത്വം വഹിക്കും. ഉച്ചയ്ക്ക് 3ന് പൊന്തിഫിക്കൽ ദിവ്യബലി. ആലപ്പുഴ രൂപതാ മെത്രാൻ ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ മുഖ്യകാർമ്മികത്വം വഹിക്കും.
21 മുതൽ 25 വരെ വൈകിട്ട് 5ന് ജപമാല, നൊവേന, ലിറ്റനി, ദിവ്യബലി. 26ന് രാവിലെ 11ന് നടക്കുന്ന ദിവ്യബലിയിൽ കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ ഡോ. ജോസ് പുളിക്കൽ കാർമ്മികത്വം വഹിക്കും. വൈകിട്ട് 6ന് കൊച്ചി രൂപതാ മെത്രാൻ ഡോ. ജോസഫ് കരിയിലിന്റെ കാർമ്മികത്വത്തിൽ ദിവ്യബലി. തിരുന്നാൾ സമാപന ദിനമായ 27ന് ഉച്ചയ്ക്ക് 3ന് നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിയിൽ കൊല്ലം രൂപതാ മെത്രാൻ ഡോ. പോൾ മുല്ലശേരി കാർമ്മികത്വം വഹിക്കും. രാത്രി 10ന് ഫാ. സ്റ്റീഫൻ.ജെ. പുന്നക്കൽ കൃതജ്ഞതാ ദിവ്യബലി അർപ്പിക്കും. 12ന് നടഅടയ്ക്കൽ, കൊടിയിറക്ക്.