 
ആലപ്പുഴ: നഗരസഭ അമൃത് പദ്ധതിയിൽപ്പെടുത്തി വലിയ ചുടുകാട് പരിസരത്ത് നിർമ്മിച്ച പാർക്കിന്റെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. എച്ച്. സലാം എം.എൽ.എ അദ്ധ്യക്ഷനായി. എ.എം. ആരിഫ് എം.പി മുഖ്യാതിഥിയായി.നഗരസഭാ അദ്ധ്യക്ഷ സൗമ്യാരാജ് സ്വാഗതം പറഞ്ഞു. നഗരസഭാ എൻജിനിയർ ഷിബു നാൽപ്പാട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എ. ഷാനവാസ്, കക്ഷി നേതാക്കളായ ഹരികൃഷ്ണൻ, നസീർ പുന്നയ്ക്കൽ, എം.ജി. സതീദേവി, സലിം മുല്ലാത്ത് എന്നിവർ സംസാരിച്ചു. പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ. ബാബു നന്ദി പറഞ്ഞു. ഒരു കോടി അറുപത് ലക്ഷം രൂപ അടങ്കലിൽ നിർമ്മിച്ച പാർക്കിന്റെ കരാറുകാരായ സ്റ്റേറ്റ് അഗ്രി - ഹോർട്ടി സൊസൈറ്റി, തിരുവനന്തപുരം ചെയർമാൻ ഡോ. മഹാദേവൻ പിള്ളയെ ചടങ്ങിൽ ആദരിച്ചു. നഗരസഭയുടെ അമൃത് പദ്ധതി അർബൻ പ്ലാനർ അസി. എൻജിനിയർ വി.ആർ. ജയശ്രീ, അസി. എൻജിനിയർമാരായ ഇ.എം. ശ്രീദേവി, എസ്. കണ്ണൻ, ഓവർസീയർ പ്രവീൺ പ്രബുദ്ധൻ എന്നിവർക്കും ആദര സമർപ്പണം നടത്തി. നക്ഷത്ര വനവും വിശാലമായ പുൽത്തകിടിയും, ഹട്ടുകളും, ഇരിപ്പിടങ്ങളും, ടോയ്‌ലെറ്റുകളുമുള്ള വലിയ ചുടുകാട് പാർക്ക് നഗരത്തിലെ ഏറ്റവും വലിയ പാർക്കാണ്. ഇവിടെ തുടർന്ന് ശലഭോദ്യാനം തീർക്കുകയും ചുറ്റുമതിലിൽ നഗര ചരിത്രം വെളിവാക്കുന്ന ചിത്രങ്ങളെഴുതുകയും ചെയ്യുമെന്ന് നഗരസഭാ അദ്ധ്യക്ഷ അറിയിച്ചു. ചാത്തനാട് ചുടുകാടിന് സമീപമുള്ള വിശ്രമകേന്ദ്രം, ബീച്ചിലുള്ള കാറ്റാടി പാർക്ക് എന്നിവയുടെ ഉദ്ഘാടനവും ഉടനുണ്ടാവുമെന്നും അവർ അറിയിച്ചു.