apakada-oada-
മാന്നാർ-വള്ളക്കാലി റോഡിൽ പാവുക്കര വഞ്ചിമുക്ക് എസ്എൻഡിപി 6188 ശാഖാഓഫീസിനു സമീപം അപകടം പതിയിരിക്കുന്ന ഓട

മാന്നാർ: രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തിയ മാന്നാർ വീയപുരം റോഡിന്റെ വശങ്ങളി​ലെ ഓടകളി​ൽ അപകടം പതി​യി​രി​ക്കുന്നു. പാവുക്കര മുതൽ വള്ളക്കാലി വരെയുള്ള ഭാഗത്താണ് ചിലയിടങ്ങളിൽ മൂടിയില്ലാതെ കാട് കയറിക്കിടക്കുന്നതാണ് അപകട സാദ്ധ്യത ഉയർത്തുന്നത്.

അമിത വേഗതയിൽ വാഹനങ്ങൾ പായുമ്പോൾ വശങ്ങളിൽ അപകടങ്ങൾ പതിയിരിക്കുന്ന ഓടകൾ ആരുടെയും ശ്രദ്ധയിൽ പെടാത്ത അവസ്ഥയുണ്ട്.

കിഫ്ബിയിൽ ഉൾപ്പെടുത്തി 16.16 കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച റോഡ് മാന്നാർ തൃക്കുരട്ടി ജംഗ്‌ഷനിൽ നിന്നും ആരംഭിച്ച് പാടശേഖരത്തിന്റെ നടുവിലൂടെ പാവുക്കര-വള്ളക്കാലി-മേൽപാടം വഴി വീയപുരത്താണ് അവസാനിക്കുന്നത്. സ്ഥിരമായി വർഷകാലത്ത് വെള്ളം കയറുന്ന റോഡ് ഉയർത്തി വീതികൂട്ടി പുനർനിർമിച്ചപ്പോൾ വെള്ളം ഒഴുകിപ്പോകുന്നതിനായി നിർമ്മിച്ച ഓടകൾ റോഡ്നിരപ്പിൽ നിന്നും വളരെതാഴ്ന്നു പോകുകയാണുണ്ടായത്. റോഡിനോട് ചേർന്ന് നിൽക്കുന്ന ഓടകൾക്ക് ചിലഭാഗങ്ങളിൽ മൂടിയില്ലാത്തത് യാത്രക്കാരുടെ ശ്രദ്ധയിൽപെടുവാൻ സാദ്ധ്യതയും കുറവാണ്.

പാവുക്കര വഞ്ചിമുക്കിനും എസ്.എൻ.ഡി.പി 6188 ശാഖാ ഓഫീസിനും സമീപത്തെ വളവിൽ അപകട സാധ്യത വളരെ കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു.

ഓടകൾക്ക് മൂടി നിർമ്മിച്ച് സുരക്ഷാ തൂണുകളോ അപായ സൂചനാബോർഡുകളോ സ്ഥാപിക്കണം.

എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ കൺവീനർ ജയലാൽ എസ്.പടീത്തറ

വളരെ വേഗതയിൽ ചീറിപ്പാഞ്ഞുവരുന്ന പുതുതലമുറ ബൈക്കുകൾ അപകടത്തിൽപെടുവാനുള്ള സാധ്യത വളരെ കൂടുതലാണ്. വേണ്ട മുൻകരുതലുകൾ അടി​യന്തരമായി​ എടുക്കണം.

എബ്രഹാം തച്ചേരിൽ

ടെലിവിഷൻ കോമഡി സ്ക്രിപ്ട് റൈറ്റർ