hdb

ഹരിപ്പാട്: സർക്കാരിന്റെ വികസന പദ്ധതികൾ അട്ടിമറിക്കാൻ യു.ഡി.എഫ് ബി.ജെ.പിക്കൊപ്പം ചേരുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സി.പി.ഐ ഹരിപ്പാട് മണ്ഡലം കമ്മിറ്റി നിർമ്മിച്ച ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ വികസന പദ്ധതികളെ എതിർക്കുന്നതിൽ പാർലമെന്റിൽ യു.ഡി.എഫ് എം.പിമാർ ബി.ജെ.പിക്കൊപ്പം നിൽക്കുകയാണ്. ജനങ്ങളെയും പ്രകൃതിയെയും ഉൾക്കൊള്ളുന്ന വികസനമാണ് സർക്കാർ നടപ്പാക്കുന്നത്. കേന്ദ്രസർക്കാർ കോർപ്പറേറ്റുകളുടെ അടിമയായി മാറിയിരിക്കുന്നു. പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടെന്നും കാനം പറഞ്ഞു.

സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് അദ്ധ്യക്ഷനായി. എം. സോമൻ പതാക ഉയർത്തി. ലൈബ്രറി ഉദ്ഘാടനം മന്ത്രി പി. പ്രസാദ് നിർവഹിച്ചു. ആദ്യകാല നേതാക്കളെ ജില്ലാ അസി. സെക്രട്ടറിമാരായ പി.വി. സത്യനേശൻ, ജി. കൃഷ്ണപ്രസാദ് എന്നിവർ ചേർന്ന് ആദരിച്ചു. മണ്ഡലം സെക്രട്ടറി കെ. കാർത്തികേയൻ സ്വാഗതം പറഞ്ഞു. വിപ്ലവ ഗായിക പി.കെ. മേദിനി, ജോയിക്കുട്ടി ജോസ്, പി.ബി. സുഗതൻ, ഡി. അനീഷ്, അഡ്വ. എ. അജികുമാർ, ആർ. അനിൽകുമാർ, എൻ. സോമൻ, എസ്. കൃഷ്ണകുമാർ, ഡി. സുഗേഷ്, യു. ദിലീപ്, എം. മുസ്തഫ, സി.വി. രാജീവ് എന്നിവർ പങ്കെടുത്തു.