ആലപ്പുഴ: രാജ്യത്ത് ക്രൈസ്തവർക്കും ക്രൈസ്തവ സ്ഥാപനങ്ങൾക്കുമെതിരെ അക്രമങ്ങൾ വർദ്ധിക്കുന്നത് മതേതര ജനാധിപത്യസംവിധാനത്തിന് ഭീഷണിയാണെന്ന് കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതി കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെ.ആർ.എൽ.സി.സി) 38-ാം ജനറൽ അസംബ്ലി അഭിപ്രായപ്പെട്ടു. ആലപ്പുഴ കർമ്മസദൻ പാസ്റ്ററൽ സെന്ററിൽ ചേർന്ന യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ന്യൂനപക്ഷമായ ക്രൈസ്തവർ ആക്രമിക്കപ്പെടുന്നത് ഭരണകൂടങ്ങളുടെ സഹായത്തോടെയാണ്. ക്രൈസ്തവർ വ്യാപകമായി മതപരിവർത്തനം നടത്തുന്നുവെന്ന വ്യാജപ്രചാരണം നടത്തി കർണാടകയിൽ ബി.ജെ.പി ഭരണകൂടം ശബ്ദവോട്ടോടെ പാസാക്കിയ മതപരിവർത്തന നിരോധന ബില്ല് ഭരണഘടനാവിരുദ്ധവും മൗലികാവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റവുമാണ്.
കേരളത്തിലെ നിയമ പരിഷ്കരണ കമ്മിഷൻ നിർദ്ദേശിച്ച ക്രൈസ്തവ വിവാഹനിയമം അപ്രായോഗികവും അനാവശ്യവും അസ്വീകാര്യവുമായതിനാൽ നിയമ ശുപാർശ നിരാകരിക്കണം. മത്സ്യസംഭരണം, വിപണനം, ഗുണപരിപാലനം എന്നിവയുമായി ബന്ധപ്പെട്ട നിയമം മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്നതും ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ്. ട്രേഡ് യൂണിയനുകൾക്ക് അമിത പ്രാധാന്യം നൽകി നിർമ്മിച്ച നിയമം പിൻവലിക്കണം.
ഉന്നത വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയ വിമുക്തമാക്കാനും വിശ്വാസ്യത ഉറപ്പാക്കി സമഗ്ര നവീകരണം സാദ്ധ്യമാക്കാൻ സർക്കാരും ഇതര ഏജൻസികളും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ജനറൽ അസംബ്ലി ആവശ്യപ്പെട്ടു.
വാർത്താസമ്മേളനത്തിൽ കെ.ആർ.എൽ.സി.ബി.സി സെക്രട്ടറി ജനറൽ ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെ.ആർ.എൽ.സി.സി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, സെക്രട്ടറിമാരായ പി.ജെ. തോമസ്, ഷിബു ജോസഫ്, പുഷ്പ ക്രിസ്റ്റി, കെ.എൽ.സി.എ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷെറി.ജെ. തോമസ്, സി.എസ്.എസ് ദേശീയ പ്രസിഡന്റ് ബെന്നി പാപ്പച്ചൻ, ഡി.സി.എം.എസ് ജനറൽ സെക്രട്ടറി എൻ. ദേവദാസ്, മീഡിയ കമ്മിഷൻ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ മിൽട്ടൺ കളപുരയ്ക്കൽ എന്നിവർ പങ്കെടുത്തു.