ചേർത്തല: കഞ്ഞിക്കുഴിയിലെ ഒൻപതിനായിരം കുടുംബങ്ങൾക്ക് ആവശ്യമായ പച്ചക്കറി ഉത്പാദനം ലക്ഷ്യം വച്ച് ആരംഭിക്കുന്ന ജനകീയ ജൈവ ഹരിത സമൃദ്ധി പദ്ധതിയുടെ തൈ ഉത്പാദനത്തിന്റെ വിത്ത് പാകൽ ഉദ്ഘാടനം ഇന്ന് മന്ത്റി പി.പ്രസാദ് നിർവഹിക്കും. 18 വാർഡുകളിലും പ്രത്യേകം തയ്യാറാക്കിയ മഴ മറയ്ക്കകത്താണ് തൈകൾ പരിപാലിക്കുന്നത്. പാവൽ, പടവലം, പയർ, വെണ്ട, പീച്ചിൽ തുടങ്ങിയ വിത്തുകൾ യൂണി​റ്റുകൾക്ക് നൽകി.
ഓരോ വാർഡിലും കുടുംബശ്രീയുടെ നേതൃത്വത്തിൽ അഞ്ചംഗ തൈ ഉത്പാദക യൂണി​റ്റുകളും രൂപീകരിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിൽ നിന്ന് ഏഴര ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. മഴമറയിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറി തൈകൾ ഒ​റ്റ ദിവസം കൊണ്ട് എല്ലാ വീടുകളിലും എത്തിക്കും. അഞ്ചുലക്ഷം തൈകളാണ് സൗജന്യമായി വിതരണം ചെയ്യുന്നത്. വിപണിയൊരുക്കുന്നതിന് പ്രത്യേക പദ്ധതിയും പഞ്ചായത്ത് ഒരുക്കുന്നുണ്ട്. പതിനാറാം വാർഡിലെ രാജേന്ദ്രൻ കോനച്ചം പറമ്പലിന്റെ വീടിന് സമീപം നടക്കുന്ന വിത്തുപാകൽ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ, എം. സന്തോഷ് കുമാർ, വി. ഉത്തമൻ, പി.എസ്. ശ്രീലത എന്നിവർ സംസാരിക്കും.