kerala

ആലപ്പുഴ: ആദ്യ സ്റ്റേറ്റ് ഒളിമ്പിക്സിന് മുന്നോടിയായുള്ള ജില്ലാ ഒളിമ്പിക് മത്സരങ്ങൾക്ക് വ്യാഴാഴ്ച തിരിതെളിയും. 25 വരെ നീണ്ടുനിൽക്കുന്ന മത്സരങ്ങളിൽ അൻപതിനായിരത്തിലധികം കായികതാരങ്ങൾ മാറ്റുരയ്ക്കും. 22 ഇനങ്ങളിൽ സീനിയർ സ്ത്രീ - പുരുഷ വിഭാഗങ്ങളിലായിരിക്കും മത്സരങ്ങൾ.

13ന് രാവിലെ 10ന് ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ ഹോക്കി മത്സരങ്ങളോടെ മന്ത്രി സജിചെറിയാൻ ഉദ്ഘാടനം നിർവഹിക്കും. ജില്ലാതല വിജയികളിൽ നിന്ന് സംസ്ഥാനതല ടീമിനെ തിരഞ്ഞെടുക്കും. ഗെയിംസിന്റെ സ്വാഗതസംഘം ഓഫീസ് ഇ.എം.എസ് സ്റ്റേഡിയത്തിൽ എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, നഗരസഭാ ചെയർപേഴ്സൺ സൗമ്യാരാജ്, ഒളിമ്പിക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.ജി. വിഷ്ണു, സെക്രട്ടറി സി.ടി. സോജി, ട്രഷറർ എസ്. വിനോജ് കുമാർ, വൈസ് പ്രസിഡന്റ് കെ.എ. വിജയകുമാർ, വൈസ് ചെയർപേഴ്സൺ നിമ്മി അലക്സാണ്ടർ തുടങ്ങിയവ‌ർ പങ്കെടുത്തു.

അപര്യാപ്തത പിന്നാലെ ഓടുന്നു

1. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തകൾക്ക് നടുവിലാണ് ജില്ലാതല ഒളിമ്പിക്സ് സംഘടിപ്പിക്കുന്നത്

2. രാജ്യാന്തര നിലവാരമുള്ള സ്റ്റേഡിയം, എട്ടുവരി സിന്തറ്റിക് ട്രാക്കോടുകൂടിയ ഫുട്ബാൾ മൈതാനം, ട്രിപ്പിൾ, ലോംഗ് ജംപ് പിറ്റുകൾ, കായികതാരങ്ങൾക്ക് താമസസൗകര്യം തുടങ്ങിയ വാഗ്ദാനങ്ങളോടെ നിർമ്മിച്ച ഇ.എം.എസ് സ്റ്റേഡിയം ഇന്ന് മാലിന്യ കേന്ദ്രമാണ്.

3. ലഭ്യമായ സൗകര്യങ്ങളിൽ ഉദ്ഘാടന മത്സരയിനമായ ഹോക്കി നടത്താനാണ് സംഘാടകരുടെ പദ്ധതി.

4. അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേണ്ടി പണിത രാജാകേശവദാസ് സ്വിമ്മിംഗ് പൂൾ പുനരുദ്ധാരണം അവസാനിക്കാതെ വെറുതെ കിടക്കുന്നു.

5. കോടികൾ മുടക്കിയ നീന്തൽക്കുളം നഗരത്തിലുണ്ടായിട്ടും മത്സരത്തിനായി മാവേലിക്കരയിലെ ഓണാട്ടുകര സ്പോർട്സ് അക്കാദമിയെ ആശ്രയിക്കേണ്ടി വന്നു.

കായിക താരങ്ങൾ: 50,​000

ഉദ്ഘാടനം: 13ന് രാവിലെ 10ന്

ഇനങ്ങൾ - വേദി - തീയതി

അത്‌ലറ്റിക്സ് - സെന്റ് മൈക്കിൾസ് കോളേജ്, ചേർത്തല - 22

അക്വാട്ടിക് - ഓണാട്ടുകര സ്പോർട്സ് അക്കാദമി - 22

ഷട്ടിൽ ബാഡ്മിന്റൺ- രാമവർമ്മ ക്ലബ്, ആലപ്പുഴ - 21

ബാസ്കറ്റ് ബാൾ - ടൗൺ സ്ക്വയർ, ആലപ്പുഴ - 21

ബോക്സിംഗ് - വിദ്യാദിരാജ സെൻട്രൽ സ്കൂൾ, മാവേലിക്കര - 17

സൈക്ലിംഗ് - ആലപ്പി ബീച്ച് - 16

ഫുട്ബാൾ - ടി.ഡി മെഡിക്കൽ കോളേജ് ഗ്രൗണ്ട്, വണ്ടാനം - 18-22

ഹോക്കി - ഇ.എം.എസ് സ്റ്റേഡ‌ിയം - 13, 14

ജൂഡോ - എ.പി.എം എൽ.പി.എസ്, കായംകുളം - 24

ഖോ -ഖോ - തിരുനെല്ലൂർ ഗവ സ്കൂൾ, ചേർത്തല - 22

നെറ്റ് ബാൾ - വി.എച്ച്.എസ്.എസ്, മുതുകുളം- 21

റൈഫിൾ - ഷൂട്ടിംഗ് റേഞ്ച്, ചേർത്തല - 15

റഗ്ബി - എസ്.ഡി.വി ഗ്രൗണ്ട്, ആലപ്പുഴ - 23

തായ്ക്കൊണ്ടോ - കളർകോട് എൽ.പി.എസ് - 16

ടേബിൾ ടെന്നീസ് - വൈ.എം.സി.എ, ആലപ്പുഴ - 16

വോളിബാൾ - ഉദയകുമാർ മെമ്മോറിയൽ സ്റ്റേഡിയം, മാരാരിക്കുളം - 22,23

റസ്ലിംഗ് - ബിഷപ്പ് ഹോഡ്ജസ് എച്ച്.എസ്.എസ്, മാവേലിക്കര - 22

വുഷു - എസ്.ജെ.ഹെൽത്ത് ക്ലബ്, ചേർത്തല - 20

വെയിറ്റ് ലിഫ്ടിംഗ് - അറവുകാട് ഐ.ടി.സി - 22

കരാട്ടെ - എൻ.എസ്.എസ് ഓഡിറ്റോറിയം, ചേർത്തല - 16

കബഡി - തുമ്പോളി ഈഗിൾസ് ഗ്രൗണ്ട് - 16

ഹാൻഡ്ബാൾ - ബോയ്സ് സ്കൂൾ, ചേർത്തല - 15,16

""

മറ്റ് ജില്ലകളെ അപേക്ഷിച്ച് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ആലപ്പുഴ നേരിടുന്നത്. സാങ്കേതി പ്രശ്നങ്ങൾ പരിഹരിച്ച് സ്റ്റേഡിയവും, നീന്തൽക്കുളവുമടക്കം ഉപയോഗപ്രദമാക്കണം.

വി.ജി. വിഷ്ണു, ജില്ലാ പ്രസിഡന്റ്,

ഒളിമ്പിക് അസോസിയേഷൻ