അമ്പലപ്പുഴ: കാപ്പിത്തോട് മാലിന്യ വിമുക്തമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കാട്ടി അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് കേരളാ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിട്ടു. പഞ്ചായത്തിലെ 12, 16 വാർഡുകളിലെ മീറ്റ് കളക്ഷൻ സെന്ററുകളിൽ നിന്ന് മലിനജലം ശാസ്ത്രീയമായി ട്രീറ്റ് ചെയ്ത ശേഷം മാത്രം കാപ്പിത്തോട്ടിലേക്ക് ഒഴുക്കണം. അനധികൃതമായി പ്രവർത്തിക്കുന്ന മീറ്റ് സെന്ററുകൾക്കെതിരെ നടപടിയെടുക്കണം. ഒരു മാസത്തിനുള്ളിൽ നടപടി കൈക്കൊള്ളണമെന്നും ഉത്തരവിൽ പറയുന്നു. ഹരിതം റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.എ. സാദിഖ് നൽകിയ പരാതിയിലാണ് ഉത്തരവ്.