ambala
പുനർനിർമ്മാണത്തിനായി പൊളിച്ചിട്ടിരിക്കുന്ന ദേശിയ പാതയിൽ നിന്നും കാക്കാഴം സ്കൂളിന് സമീപത്തു കൂടി കാക്കാഴം കടൽ തീരത്തെത്തുന്ന റോഡ്

അമ്പലപ്പുഴ: പുനർ നിർമ്മാണത്തിന് റോഡ് വെട്ടിപ്പൊളിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും പൂർത്തിയാക്കാത്തത് നാട്ടുകാരുടെ നടുവൊടിക്കുന്നു. ദേശീയപാതയിൽ കാക്കാഴം സ്കൂളിന് സമീപത്തുനിന്ന് കാക്കാഴം കടൽ തീരത്തെത്തുന്ന റോഡാണ് മാസങ്ങളായി കുത്തി പൊളിച്ചിട്ടിരിക്കുന്നത്.

അമ്പലപ്പുഴ തെക്ക്, വടക്ക് പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന റോഡ് മാസങ്ങൾക്ക് മുമ്പാണ് പൊളിച്ചത്. വർഷങ്ങളായി തകർന്നുകിടന്ന റോഡ് പുനർനിർമ്മാണത്തിനായാണ് പൊളിച്ചത്. യാത്രാ ദുരിതത്തിന് അറുതിയാകുമെന്ന് പ്രദേശവാസികൾ പ്രതീക്ഷിച്ചെങ്കിലും ഇരട്ടി ദുരിതമാണ് സമ്മാനിച്ചത്.

തീരവാസികൾ അടക്കമുള്ളവർക്ക് കാക്കാഴം ഗവ. ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ, ദേശീയപാത, മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെത്താനുള്ള എളുപ്പ മാർഗമായിരുന്നു റോഡ്. ജെ.സി.ബി ഉപയോഗിച്ച് കുത്തിയിളക്കിയിട്ടിരിക്കുന്നതിനാൽ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്നില്ല. ഉയർന്ന് കൂർത്തുനിൽക്കുന്ന കല്ലുകളിൽ തട്ടി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്.

വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ കല്ലുകൾ തെറിച്ച് കാൽനട യാത്രക്കാരുടെ ദേഹത്ത് പതിക്കുന്നുണ്ട്. റോഡിന്റെ ശോച്യാവസ്ഥ മൂലം ഇതുവഴി ഓട്ടോറിക്ഷകളും സർവീസ് നടത്തുന്നില്ല. രോഗികളെ ആശുപത്രിയിലെത്തിക്കാനും ബുദ്ധിമുട്ടുകയാണ്. അടിയന്തരമായി റോഡ് ടാർ ചെയ്ത് യാത്രാക്ലേശം പരിഹരിക്കണമെന്നാണ് ആവശ്യം.