അമ്പലപ്പുഴ: ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തകഴിയിലെ ഹോട്ടൽ, ബേക്കറി എന്നിവിടങ്ങളിൽ പരിശോധന നടത്തി. തകഴി പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. പഞ്ചായത്ത് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല. ജീവനക്കാരിൽ പലർക്കും ഹെൽത്ത് കാർഡ് ഇല്ലായിരുന്നു. നിരോധിച്ച പ്ലാസ്റ്റിക് കവറുകളും പിടിച്ചെടുത്തു. ഒരാഴ്ചയ്കകം പോരായ്മകൾ പരിഹരിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് കാട്ടി നോട്ടീസ് നൽകി. തകഴി പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഷിബു സുകുമാരൻ, ഹെൽത്ത് ഇൻസ്പെക്ടർ സുമൻ ജേക്കബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.