ac-road

കുട്ടനാട്: റോഡ് പുനർനിർമ്മാണത്തിനിടെ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ എ - സി റോഡിൽ അപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞദിവസം വൈകിട്ട് ചങ്ങനാശേരി പൂവം പെട്രോൾ പമ്പിന് സമീപം രാമങ്കരി സ്വദേശികളായ രണ്ടു യുവാക്കൾ അപകടത്തിൽപ്പെട്ട് മാരകമായി പരിക്കേറ്റതാണ് ഒടുവിലത്തെ സംഭവം. ഒരാൾ ചെത്തിപ്പുഴ ആശുപത്രിയിലും മറ്റൊരാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്. പാറയ്ക്കൽ കലുങ്കിന് സമീപമുണ്ടായ മറ്റൊരപകടത്തിൽ ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങി ജൂവലറി ജീവനക്കാരൻ മരിച്ചു. മങ്കൊമ്പ്‌ ബ്ലോക്ക് ജംഗ്ഷനും ഒന്നാങ്കര പാലത്തിനുമിടയിലായി രണ്ടുകാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. മങ്കൊമ്പ്, പൂവം, കിടങ്ങറ ജംഗ്ഷനുകളിലാണ് അപകടങ്ങൾ വർദ്ധിച്ചിരിക്കുന്നത്.